ബനാറസ് ഹിന്ദു സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ വെടിവയ്പ്പ്; ബൈക്കിലെത്തിയ സംഘത്തിന് നേരെ അന്വേഷണം

വാരണാസി: വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ വെടിവയ്പ്പ്. ശനിയാഴ്ച രാത്രി ഹോസ്റ്റലിന് പുറത്താണ് ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ വിദ്യാര്‍ത്ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാമ്പസില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ റോഷന്‍ മിശ്രയ്ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. റോഷന്‍ മിശ്ര തന്റെ സുഹൃത്ത് വിശാല്‍ കുമാറിനൊപ്പം ബിര്‍ള ‘എ’ ഹോസ്റ്റല്‍ ഗേറ്റിന് സമീപം നില്‍ക്കുമ്പോഴാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ തങ്ങള്‍ക്ക് നേരെ നാല് റൗണ്ട് വെടിയുതിര്‍ത്തതായി മിശ്ര പരാതിപ്പെട്ടു. ഒരു വെടിയുണ്ട തലയ്ക്ക് മുകളിലൂടെ പോയെങ്കിലും ഹോസ്റ്റലിലേക്ക് ഓടിരക്ഷപ്പെട്ടു.

കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശപ്രകാരമാണ് തനിക്ക് നേരെ ആക്രമണം നടത്തിയതെന്ന് മിശ്ര പരാതിയില്‍ ആരോപിച്ചു. 20 ദിവസം മുമ്പ് ആരോപണ വിധേയരായ യുവാക്കള്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് സര്‍വകലാശാല അധികൃതരെ അറിയിച്ചതിലുള്ള പ്രതികാര നടപടിയാണ് ഇതെന്നാണ് മിശ്രയുടെ ആരോപണം. മിശ്രയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. വിദ്യാര്‍ത്ഥികള്‍ റോഡുകള്‍ ഉപരോധിക്കുകയും സര്‍വകലാശാലയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കാമ്പസില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വര്‍ദ്ധിച്ചുവരികയാണെന്നും സുരക്ഷാ നടപടികള്‍ വേണമെന്നുമാണ് ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page