കൊച്ചി: അഞ്ചുവര്‍ഷം മുമ്പ് ഗര്‍ഭാശയ ശസ്ത്രക്രിയക്കിടയില്‍ ഉഷാ ജോസഫിന്റെ വയറ്റില്‍ ഉപേക്ഷിക്കപ്പെട്ട കത്രിക അമൃത ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ പുറത്തെടുത്തു.
ഇതു സംബന്ധിച്ച കേസിലെ പ്രധാനതെളിവു ഇതേ കത്രികയായതിനാല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കത്രിക അപ്പോള്‍ തന്നെ കേസന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്കു കൈമാറി. ശസ്ത്രക്രിയക്കു കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ സാക്ഷികളായിരുന്നു. ഉഷയെ അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ ചെയ്ത ഡോ. ഷാഹിദയെയും നഴ്‌സിംഗ് ഓഫീസര്‍ പി.എസ് ധന്യയെയും സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. ഷാഹിദ തിരുവനന്തപുരം എസ്എടിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. അഞ്ചു വര്‍ഷം മുമ്പു നടന്ന ശസ്ത്രക്രിയക്കു ശേഷം ഉഷക്കു ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതു സംബന്ധിച്ച് തുടര്‍ച്ചയായി ചികിത്സ നടത്തിവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിര്‍ദ്ദേശ പ്രകാരം വയറിന്റെ എക്‌സ്‌റൈ എടുത്തപ്പോഴാണ് വയറ്റിനുള്ളില്‍ കത്രിക കണ്ടെത്തിയത്. വ്യാഴാഴ്ച ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരോടു ഇക്കാര്യം പറഞ്ഞപ്പോള്‍ ഇതു പുറത്തു പറയരുതെന്നായിരുന്നു ഉപദേശമെന്നു പറയുന്നു.
ശസ്ത്രക്രിയക്കു ഉപയോഗിക്കുന്ന നീളത്തിലുളളതും അഗ്രം വളഞ്ഞതുമായ കത്രികയാണ് ഉഷയുടെ വയറ്റില്‍ നിന്നെടുത്തത്. ശസ്ത്രക്രിയ കഴിഞ്ഞ ഉഷ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.







