ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടര്‍മാരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്തില്ല; പരിയാരം മെഡിക്കല്‍ കോളേജിലെ ലേബര്‍ റൂം അടിച്ചു തകര്‍ത്തു, കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

പരിയാരം: ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടര്‍മാരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റില്ലെന്ന ജീവനക്കാരുടെ നിലപാടില്‍ പ്രതിഷേധിച്ചു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലേബര്‍ റൂം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദി (24)നെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. റാഷിദിന്റെ ഭാര്യയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ കയറ്റിയതായിരുന്നു. ഇതിനിടയില്‍ എത്തിയ റാഷിദ് ഭാര്യയെ ഉടനെ ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ ഡോക്ടര്‍മാരുടെ അനുമതി ഇല്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിയില്ലെന്നു ജിവനക്കാര്‍ റാഷിദിനെ അറിയിച്ചു. ഇതില്‍ പ്രകോപിതനായ റാഷിദ് ബഹളം വയ്ക്കുകയും നഴ്‌സിംഗ് ഓഫീസര്‍ സനിലയെ ചീത്ത വിളിക്കുകയും ലേബര്‍ റൂമിന്റെ വാതിലുകളും ഫര്‍ണ്ണിച്ചറുകളും അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സുരക്ഷാ ജീവനക്കാരും വിവരം അറിഞ്ഞ് എത്തിയ പരിയാരം പൊലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് അക്രമം കാണിച്ച യുവാവിനെ കീഴടക്കിയത്. പരിക്കേറ്റ റാഷിദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് (ശനിയാഴ്ച )അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page