കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ നായന്മാര്‍മൂലയില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് ഫാക്ടറിയില്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നായന്മാര്‍മൂല, കല്‍പക ഹൗസിലെ മുഹ്‌സിന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഫാക്കിയ സോഫ്റ്റ് ഡ്രിങ്ക്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ഫാക്ടറിക്ക് സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിനും ചകിരിക്കുമാണ് ആദ്യം തീപിടിച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍സ്റ്റേഷനില്‍ നിന്നു രണ്ടും കാഞ്ഞങ്ങാട്, ഉപ്പള സ്റ്റേഷനുകളില്‍ നിന്നു ഓരോ യൂണിറ്റുകള്‍ വീതം ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ ഫാക്ടറിക്ക് അകത്തേക്ക് കടന്നിരുന്നുവെങ്കില്‍ വന്‍ നാശത്തിനു ഇടയാക്കുമായിരുന്നുവെന്നു ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനു അസി. സ്റ്റേഷന്‍ ഓഫീസര്‍ എ ജാഫര്‍ഖാന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ 25വോളം സേനാംഗങ്ങള്‍ ഉണ്ടായിരുന്നതായി കൂട്ടിച്ചേര്‍ത്തു.






