ഫിലിപ്പ് മമ്പാടിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശം; ‘പെണ്‍കുട്ടിയെ കൊണ്ടുപോയത് കരുതി കൂട്ടി; വീട്ടുകാരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചു’

മലപ്പുറം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മുന്‍ പൊലീസുകാരനുമായ മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാടിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശം. കരുതിക്കൂട്ടിയാണ് പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ നിന്ന് കൊണ്ടുപോയത്, പീഡന വിവരം അറിഞ്ഞതോടെ അതിജീവിതയുടെ കുടുംബവുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹത്തില്‍ സ്വാധീനമുള്ള പ്രതി മനപ്പൂര്‍വം ചെയ്ത ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം നല്‍കിയാല്‍ നിയമ വ്യവസ്ഥയെ സമൂഹം സംശയത്തോടെ നോക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ ഫിലിപ്പ് റൂം എടുത്തത് അദ്ദേഹം സര്‍വീസിലുള്ളപ്പോള്‍ ഉപയോഗിച്ചിരുന്ന പൊലീസ് ഐഡി കാണിച്ചാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മാനസിക പ്രയാസമുള്ള കുട്ടിയുടെ ബന്ധുക്കള്‍ കൗണ്‍സിലിങ്ങിന് ആശ്രയിച്ചിരുന്നത് ഫിലിപ്പിനെ ആയിരുന്നു. ഈ അടുപ്പം മുതലാക്കി വിശ്വാസ്യത നേടി. പിന്നാലെ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലും താമസിപ്പിച്ചു. അതിനിടെയാണ് രക്ഷിതാക്കളുടെ സമ്മതം പോലുമില്ലാതെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയത്.

മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് അറസ്റ്റിലായത്. 2025 സെപ്തംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി 13ന് ആണ് ഫിലിപ്പിനെതിരെ പോക്‌സോ കേസ് ചുമത്തി നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിലമ്പൂര്‍ ഡി.വൈ.എസ്.പി വി.വി ലതീഷിനാണ് അന്വേഷണ ചുമതല. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page