ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ കത്രിക; ഡോക്ടര്‍മാരുടെ വാര്‍ത്താ സമ്മേളനത്തിനിടെ ഇടിച്ചുകയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മെഡിക്കല്‍ കോളജ് സൂപ്രണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ ഡോക്ടര്‍മാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മെഡിക്കല്‍ കോളേജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്. അതിനിടെ ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബികയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അത് നിഷേധിച്ച് ഡോക്ടര്‍ രംഗത്തെത്തിയിരുന്നു.

ഡോ ഷാഹിദയാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിന്‍സിപ്പലും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡോ. ഷാഹിദക്ക് നിലവില്‍ എസ്എടി ആശുപത്രിയിലാണ് സര്‍വീസ്. വിഷയം അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചതായും സൂപ്രണ്ട് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയത് സംബന്ധിച്ച് ഓര്‍മയില്ലെന്നായിരുന്നു ഷാഹിദയുടെ പ്രതികരണം. ഓപ്പറേഷന്‍ നടത്തിയത് താനാണെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിരിക്കുമെന്ന് പറഞ്ഞ ഷാഹിദ മെഡിക്കല്‍ കോളജില്‍ വലിയ ഓപ്പറേഷന്‍ നടത്തുമ്പോള്‍ ഫ്‌ളോര്‍ നഴ്‌സുകളുടെ അഭാവം ഉണ്ടാകാറുണ്ടെന്നും അതാകാം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.

കോവിഡ് സമയത്താണ് ഉഷ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് 2021 മെയ് അഞ്ചിന് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ഓപ്പറേഷന്‍ നടത്തി. രണ്ടുദിവസത്തിനുശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങി. ശസ്ത്രക്രിയക്കുശേഷം കഠിനമായ വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഈ സമയങ്ങളില്‍ ആശുപത്രികളില്‍ പോയി ചികിത്സ തേടിയിരുന്നു. പല മരുന്നുകളും കഴിച്ചെങ്കിലും വേദന മാറിയില്ല. തുടര്‍ന്ന് വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയക്കുകയായിരുന്നുവെന്ന് ഉഷയുടെ കുടുംബം പറയുന്നു. മൂത്രത്തില്‍ കല്ലാണെന്ന് കരുതി ചികിത്സ തുടരുന്നതിനിടെ മൂത്രത്തില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇതോടെയാണ് സ്വകാര്യ ലാബില്‍ നിന്ന് എക്‌സറേ എടുത്തതും വയറ്റില്‍ കത്രിക കണ്ടെത്തുന്നതും.

കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. അവിടെ പരിശോധനകള്‍ക്ക് ശേഷം ഉപകരണം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page