ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. കേമ്പെഗൗഡ സ്വദേശിയും എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരിയുമായ യോഗേശ്വരി(27)യാണ് മരിച്ചത്. ബെംഗളൂരുവിലെ വ്യാപാര കേന്ദ്രമായ രാജാജിനഗറിലെ ഡോ. രാജ്കുമാര്‍ റോഡിലാണ് അപകടം.

മുന്നില്‍ നടന്നിരുന്ന യോഗേശ്വരി ബൈക്ക് വരുന്നത് കണ്ട് വേഗത്തില്‍ റോഡ് ക്രോസ് ചെയ്‌തെങ്കിലും അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്ക് വരുന്നത് കണ്ട് പേടിച്ച സഹപ്രവര്‍ത്തക മുന്നോട്ട് നീങ്ങാഞ്ഞതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബൈക്ക് വന്നിടിച്ച് യോഗേശ്വരി റോഡിലേക്ക് തെറിച്ചുവീഴുന്നതും, ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഏറെ ദൂരം തെന്നി നീങ്ങുന്നതും വീഡിയോയില്‍ കാണാം. യോഗേശ്വരിയെ ഉടന്‍ തന്നെ സമീപത്തെ സുഗുണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബൈക്ക് ഓടിച്ചിരുന്ന ദീപനും(22) പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page