‘ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ശുചിമുറിയില്‍ വെച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ്’

ബെംഗളൂരു: ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ശുചിമുറിയില്‍ വെച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ത്രോബോള്‍ ആന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് സംഭവം. 32 കാരിയായ യലഹങ്ക സ്വദേശിയായ യുവതിയാണ് പരാതിക്കാരി. സ്വകാര്യ ദൃശ്യങ്ങള്‍ ശുചിമുറിയില്‍ വെച്ച് രഹസ്യമായി പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ് നടത്തിയെന്നാണി പരാതി.

ഫെബ്രുവരി ആറു മുതല്‍ എട്ടു വരെ നടന്ന ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസമാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. ഫെബ്രുവരി 13 നാണ് ഇവര്‍ സൈബര്‍ ക്രൈം പൊലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നല്‍കിയത്.

പ്രതി ആദ്യം യുവതിയുടെ സുഹൃത്തിനെയാണ് ഇന്‍സ്റ്റാഗ്രാം വഴി ബന്ധപ്പെട്ടത്. സുഹൃത്തിന്റെ അക്കൗണ്ട് യുവതിയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് സന്ദേശമയച്ചത്. വീഡിയോകളെയും ചിത്രങ്ങളെയും കുറിച്ച് അറിഞ്ഞ സുഹൃത്ത് വിവരം യുവതിയെ അറിയിക്കുകയായിരുന്നു. പിന്നീട് പ്രതി യുവതിയെ നേരിട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പണം നല്‍കണമെന്നും സ്വകാര്യ വീഡിയോ കോളുകള്‍ ചെയ്യണമെന്നും വഴങ്ങിയില്ലെങ്കില്‍ കൂടുതല്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നാണ് അജ്ഞാതന്റെ ഭീഷണി.

യുവതിയുടെ സുഹൃത്തിനെയും ബ്ലാക്ക് മെയില്‍ ചെയ്തതിനാല്‍ അജ്ഞാതന്‍ യഥാര്‍ത്ഥത്തില്‍ ആരെയാണ് ലക്ഷ്യം വച്ചതെന്ന ആശയ കുഴപ്പത്തിലാണ് പൊലീസ്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page