വി.എസിന്റെ മുന്‍ പി.എ എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്സനല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും. നാളെ(ചൊവ്വാഴ്ച) ജില്ലയിലൂടെ കടന്നുപോകുന്ന വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ജാഥയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സുരേഷ് ഇതുവരെ നിലപാട് തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. കെപിസിസി നേതാക്കള്‍ എ സുരേഷുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഇടത് കോട്ടയായ മലമ്പുഴയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

‘സ്ഥാനാര്‍ഥിയാകണമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു. ആലോചിക്കാനുണ്ടെന്നു ഞാന്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് യുഡിഎഫാണ് തീരുമാനം എടുക്കേണ്ടത്. പ്രധാനപ്പെട്ട നേതാക്കളാണ് എന്നോട് സംസാരിച്ചത്. ജാഥയില്‍ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്’- സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

2013 മേയ് 12, 13 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി കമ്മിറ്റികളിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, വിഎസിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു എന്നീ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തെ പുറത്താക്കിയത്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് കാട്ടി നാലുതവണ കത്തു നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.

സിപിഎമ്മില്‍നിന്നു പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി അടുത്തിടെ സുരേഷ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയോടാണ് സുരേഷ് ചോദ്യങ്ങളുന്നയിച്ചത്. പോസ്റ്റിനൊപ്പം, പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയതിനു നല്‍കിയ കത്തിന്റെ ചിത്രവും സുരേഷ് ചേര്‍ത്തിരുന്നു.

സിപിഎമ്മില്‍നിന്നു പുറത്താക്കിയതിനു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സുരേഷ് പോസ്റ്റില്‍ വിവരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ട് 11 വര്‍ഷത്തോളമായി. ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page