പെർള:എണ്മകജെ ഗ്രാമ പഞ്ചായത്തിലെ ഗുണാജെ വാർഡ് ഗ്രാമസഭ മണ്ണിന്റെ മണം പകർന്നു . ഗ്രാമത്തിന്റെ ആശകളും ആശങ്കകളും പ്രതീക്ഷയും നിരാശയും ഇണക്കവും പിണക്കവുമെല്ലാം വളച്ചുകെട്ടൊന്നുമല്ലാതെ ഗ്രാമസഭയിൽ തെളിഞ്ഞുവന്നു. സ്വതസിദ്ധമായി ഗ്രമീണർ കാര്യങ്ങൾ പറഞ്ഞു,അധികൃതർ അത് അടയാളപ്പെടുത്തിവച്ചു. ഗ്രാമസഭ നാട്ടുകാർക്കു കൗതുകമായിരുന്നു. .ഗ്രാമത്തിലതു ഒരുമയുടെ അനുഭവം പകർന്നു. ആവേശവും നിറച്ചു. പതിവുപോലെ കെട്ടിടങ്ങളുടെ ചുവരുകൾക്കുള്ളിലും ഫാൻ ചുവട്ടിലുമിരുന്നു ‘ഞായം’ പറയുന്നതിനെക്കാൾ നാടിൻറെ പ്രശ്നങ്ങൾ നാട്ടുവെളിച്ചത്തിലിരുന്നു ചർച്ച ചെയ്യുമ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടവുമെന്നും മാനവിക പ്രശ്നങ്ങളിൽ നാടിനു ഒരേ ശബ്ദമാണെന്നും തിരിച്ചറിയാൻ കഴിഞ്ഞുവെന്ന് ഗ്രാമസഭംഗങ്ങൾ അനുസ്മരിച്ചു.
എ ജെ ബി എസ് സ്കൂൾ പരിസരത്തെ വിശാലമായ വൃക്ഷത്തണൽ ഗ്രാമസഭയെ പ്രകൃതിസൗഹൃദ ജനാധിപത്യ വേദിയാക്കി മാറ്റിയെന്നുനാട് പറയുന്നു . കുളിർമയുള്ള കാറ്റും പച്ചപ്പിന്റെ ശീതളിമയും ഇടചേർ ന്ന അന്തരീക്ഷത്തിൽ നാട്ടുകാർ തുറന്ന മനസ്സോടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഗ്രാമവികസന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടന്നു.
എണ്മകജെ പഞ്ചായത്ത് പ്രസിഡൻറ് ബി. കുസുമാവതി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും എണ്മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിദ്ധീക്ക് വൊളമുഗർ സ്വാഗതം പറഞ്ഞു. അംഗൻവാടി ടീച്ചർ ശാരദ നന്ദി അറിയിച്ചു.
കെട്ടിടങ്ങളിലൊതുങ്ങിയിരുന്ന ഗ്രാമസഭയെ ജനങ്ങൾക്കിടയിലേക്കു കൊണ്ടുവന്ന തീരുമാനത്തെ നാട്ടുകാർ അഭിനന്ദിച്ചു.. പ്രകൃതിയുടെ തണലിൽ ജനങ്ങളുടെ ശബ്ദം ഉയർന്ന ഗ്രാമസഭ, ജനാധിപത്യത്തിന്റെ ആത്മാവിനെ കൂടുതൽ ശക്തിപ്പെടുത്തുന്ന ജനകീയ ശക്തിയാക്കി മാറ്റിയെന്നു നാട് അറിയുന്നു.






