വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയ കാമുകിയെ പ്രണയ ദിനത്തില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി; കാമുകനും കുടുംബവും കസ്റ്റഡിയില്‍; നാട് നടുക്കത്തില്‍

ഭോപ്പാല്‍: വിവാഹം കഴിക്കാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയ കാമുകിയെ കാമുകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇരുമ്പ് പെട്ടിയിലടക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവത്തില്‍ കാമുകനേയും കുടുംബത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭോപ്പാല്‍ നിഷാത്പുര മേഖലയിലെ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ ഇരുമ്പുപെട്ടിയില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശി അഷ്‌റഫി എന്ന സിയ(33) യുടേതാണ് മൃതദേഹമെന്ന് പൊലീസ് കണ്ടെത്തി. കമലാ നഗറിലെ കാമുകന്‍ സമീറും കുടുംബവുമാണ് സിയയെ കൊലപ്പെടുത്തിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നു പൊലീസ് അറിയിച്ചു.

ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.

കൊല്ലപ്പെട്ട സിയയും സെമീറും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരാണെന്നും ഇരുവരും വിവാഹിതരാണെന്നും പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പാണ് സിയയും സമീറും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഭാര്യയും രണ്ടുകുട്ടികളുമുള്ള സമീറിനോടൊപ്പം ജീവിക്കാനായി മൂന്ന് മാസം മുന്‍പാണ് സിയ വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തിയത്. ഇവിടെയെത്തിയപ്പോഴാണ് സമീര്‍ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും അറിയുന്നത്. എന്നാല്‍ പിന്‍മാറാന്‍ തയാറായില്ല. സിയ മുന്‍പ് മഹാരാഷ്ട്രയിലും രാജസ്ഥാനിലും മൂന്ന് വിവാഹങ്ങള്‍ കഴിച്ചിരുന്നതായി പൊലീസ് പറയുന്നു.

കാമുകന്റെ വീട്ടിലെത്തിയ സിയ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് സമീറിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കില്‍ തള്ളി. സിയ സമീറിന്റെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയതോടെ കുടുംബ കലഹം രൂക്ഷമായിരുന്നു.

സമീറിന്റെ ഭാര്യയും സിയയും തമ്മില്‍ വഴക്ക് കൂടുന്നതും പതിവായി. സമീര്‍ വിവാഹം കഴിക്കുന്നില്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സിയ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. വഴക്ക് രൂക്ഷമായതോടെ സമീറിന്റെ ഭാര്യ ജബല്‍പൂരിലെ സ്വന്തം വീട്ടിലേക്കുപോയി. ഇതേചൊല്ലി ഫെബ്രുവരി ഒന്‍പതിന് വൈകുന്നേരം സിയയും സമീറും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെയാണ് സമീര്‍ കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page