ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16 കാരി ഫോളോ ചെയ്തത് ‘ബ്ലാക്ക് വെനം’ എന്ന അക്കൗണ്ട്; മരണത്തിന് പിന്നാലെ സഹപാഠികള്‍ കൂട്ടത്തോടെ അണ്‍ഫോളോ ചെയ്തു

കൊച്ചി: ചോറ്റാനിക്കരയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16)യുടെ മരണത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ആദിത്യ ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഫോളോ ചെയ്തിരുന്നതെന്നും കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഈ അക്കൗണ്ടിലുണ്ടെന്നും പൊലീസ് അറിയിച്ചു. ആദിത്യ പഠിക്കുന്ന സ്‌കൂളിലേതടക്കം നിരവധിപേര്‍ ഈ പേജ് പിന്തുടരുന്നുണ്ട്. ആദിത്യയുടെ മരണത്തെ തുടര്‍ന്ന് പലരും പേജ് അണ്‍ഫോളോ ചെയ്തു.

ഇന്‍സ്റ്റ അക്കൗണ്ട് സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ജനുവരി 27 ന് രാവിലെയാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ കിണര്‍ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകള്‍ ആദിത്യയെ പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ മരിക്കുന്നു എന്നാണ് ആദിത്യ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്.

ചോറ്റാനിക്കര ഗവ. വി.എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്ന ആദിത്യ രാവിലെ 7.45ന് ആണ് വീട്ടില്‍ നിന്നിറങ്ങിയത്. ആദിത്യയെ കൊറിയന്‍ സുഹൃത്ത് എന്ന വ്യാജേന ആരെങ്കിലും കബളിപ്പിക്കുകയായിരുന്നോ എന്നറിയാന്‍ മൊബൈല്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നത്.

അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്ന് പറഞ്ഞ് ഇതിനിടെ ആദിത്യയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ എറണാകുളം റൂറല്‍ എസ്പി കെ. എസ്. സുദര്‍ശന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ആദിത്യയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വന്നാല്‍ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആദിത്യ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകര്‍, സഹപാഠികള്‍ എന്നിവരടക്കമുള്ളവരില്‍ നിന്ന് ഇതിനകം തന്നെ പൊലീസ് മൊഴി എടുത്തിരുന്നു.

അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളില്‍ വരുന്ന കൊറിയന്‍ സംഗീതവും സിനിമയുമെല്ലാം ആദിത്യ ആസ്വദിക്കുന്നത് കണ്ടിരുന്നുവെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page