ന്യൂഡല്‍ഹി: ദേശീയ പാത ഫീസ് നിരക്കും നിരക്കു നിര്‍ണ്ണയവും ശേഖരണ ചട്ടം ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒരു ദേശീയ എക്‌സ്പ്രസ് വേ പൂര്‍ണ്ണമായി തുറക്കാത്ത സാഹചര്യത്തില്‍ സാധാരണ ദേശീയ പാതകള്‍ക്കു ബാധകമായ കുറഞ്ഞ നിരക്കില്‍ പൂര്‍ത്തിയായ ഭാഗത്തിന് വിജ്ഞാപനമനുസരിച്ച് ടോള്‍ ഈടാക്കും. ഭേദഗതി ചെയ്ത ചട്ടം ഫെബ്രു 15നു നിലവില്‍ വരും.
ഭാഗീകമായി മാത്രം പ്രവര്‍ത്തന ക്ഷമമായ ദേശീയ എക്‌സ്പ്രസ് വേ ഉപഭോക്താക്കള്‍ക്കു സാധാരണ ദേശീയപാതയേക്കാള്‍ 25 ശതമാനം കൂടുതലായിരിക്കും ടോള്‍. ദേശീയ പാത പൂര്‍ണ്ണമായി തുറന്നില്ലെങ്കിലും തുറന്ന ഭാഗത്തിന് ഈ നിരക്കില്‍ ടോള്‍ ഈടാക്കും. ഭേദഗതി നിലവില്‍ വരുന്ന തിയതി മുതല്‍ ഒരു വര്‍ഷം വരെയോ എക്‌സ്പ്രസ് വെ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കുന്നതു വരെയോ ഈ നിയമത്തിനു സാധുതയുണ്ടായിരിക്കും.








