കൊച്ചി: കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെണ്‍കുട്ടികളെ സമാന രീതിയില്‍ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും അതിജീവിതയുമായി ഉണ്ടായിരുന്നത്, ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ പരാതി നല്‍കിയതാണെന്നുമായിരുന്നു രാഹുലിന്റെ വാദം. ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിര്‍വചനത്തില്‍ വരുന്നതല്ല. ഗര്‍ഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തില്‍ തന്റെ പക്കല്‍ മതിയായ തെളിവുകളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രധാനമായും മുന്നോട്ടു വച്ചത്. തനിക്കെതിരെയുള്ള അന്വേഷണത്തിലും രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ഏറെ വൈകി നല്‍കിയ പരാതി മുഖ്യമന്ത്രിക്കാണ് നല്‍കിയത് തുടങ്ങിയ കാര്യങ്ങളും രാഹുല്‍ ഉന്നയിച്ചിരുന്നു.
16 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ മൂന്ന് ദിവസം ചോദ്യം ചെയ്യപ്പെടണമെന്നും ഉപാധിയില്‍ പറയുന്നു. ആ കാലയളവില്‍ കസ്റ്റഡിയില്‍ ഉള്ളതായി കണക്കാക്കണം, മൊബൈല്‍ ഫോണ്‍ കൈമാറണം, വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം, പാസ്പോര്‍ട്ട് സമര്‍പ്പിക്കണം, കേരളം വിട്ടുപോകരുത്, ഓരോ രണ്ടാമത്തെ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, സാക്ഷികളെ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, ജാമ്യത്തിലായിരിക്കുമ്പോള്‍ ഒരു കുറ്റകൃത്യവും ചെയ്യരുത്, അറസ്റ്റ് രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാല്‍ അറസ്റ്റ് ചെയ്ത ശേഷം ഒരുലക്ഷം രൂപയുടെ ജാമ്യത്തില്‍
വിട്ടയക്കണം, ചോദ്യം ചെയ്യല്‍ വേള കസ്റ്റഡിക്ക് തുല്യമായി കണക്കാക്കും, മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് കൈമാറണം എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥയിലെ ഉപാധികള്‍.







