പട്‌ന: ലഹരി കലര്‍ന്ന വെള്ളം നല്‍കി മയക്കിയ ശേഷം 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ ഫെബ്രുവരി ഏഴിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. നിതീഷ് കുമാര്‍ എന്ന വിദ്യാര്‍ഥിയെ ആണ് ലഹരി കലര്‍ന്ന വെള്ളം നല്‍കി മയക്കിയ ശേഷം സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് ബന്ദിയാക്കിയ ശേഷം അടുത്തുള്ള ഗ്രാമത്തിലെ പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നാണ് നിതീഷ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിന്റെയും വീഡിയോ സുഹൃത്തുക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും രണ്ടു ദിവസത്തോളം പൂട്ടിയിട്ടു. ഒടുവില്‍ ബോധം വന്നു നിലവിളിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.മകനെ കാണുന്നില്ലെന്നു കാട്ടി നിതീഷിന്റെ കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിതീഷിനെ തടവില്‍നിന്നും മോചിപ്പിച്ചത്.







