നിലമ്പൂർ: കുട്ടിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചശേഷം വിഴുങ്ങിയ സംഭവത്തില്‍ മൂന്നാം ദിവസവും പൊലീസ് കാവലില്‍ യുവതി തുടരുന്നു. മോഷണവുമായി ബന്ധപ്പെട്ട് സമീന(35) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തൊണ്ടി മുതല്‍ ഇതുവരെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മാല പുറത്തുവരുന്നതും കാത്ത് ആശുപത്രിയില്‍ വനിതാ പൊലീസിന്റെ കാവലിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും സമീന. തിങ്കളാഴ്ച നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചത്. ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന 3.5 ഗ്രാമിന്റെ മാല കാണാതാവുകയായിരുന്നു. വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് കണ്ടിരുന്നതായി അവിടെ ഉണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കയ്യോടെ പിടികൂടുമെന്നായതോടെ യുവതി മാല വിഴുങ്ങി.നാട്ടുകാര്‍ തടഞ്ഞുവച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. എന്നാല്‍ യുവതി കുറ്റം നിഷേധിച്ചു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തി. ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം എനിമ നല്‍കിയെങ്കിലും ആഭരണം പുറത്തുവന്നില്ല.







