കാസര്‍കോട്: വീട്ടുവരാന്തയില്‍ സൂക്ഷിച്ചിരുന്ന നാലു ചാക്ക് ഉണങ്ങിയ അടയ്ക്ക സ്‌കൂട്ടിയില്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി. മടിക്കൈ, ബെള്ളച്ചേരി സ്വദേശിയായ മഹേഷ് ആണ് പിടിയിലായത്. ഇയാളെ അമ്പലത്തറ പൊലീസ് ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച രാത്രി 12.45 മണിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ-‘തായന്നൂര്‍, ആനക്കുഴിയിലെ കര്‍ഷകന്‍ വര്‍ഗ്ഗീസിന്റെ വീട്ടുവരാന്തയില്‍ നിന്നാണ് നാലുചാക്ക് അടയ്ക്ക മോഷണം പോയത്. റോഡരുകില്‍ സ്‌കൂട്ടി നിര്‍ത്തിയ ശേഷം മഹേഷ് നടന്നാണ് വര്‍ഗ്ഗീസിന്റെ വീട്ടു മുറ്റത്ത് എത്തിയത്. നാലുതവണകളായി നാലു ചാക്ക് അടയ്ക്ക ചുമന്നു കൊണ്ടു പോവുകയായിരുന്നു. അവസാന ചാക്ക് മോഷ്ടിക്കുന്ന സമയത്ത് എന്തോ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ലൈറ്റിട്ട് നോക്കിയപ്പോള്‍ വരാന്തയില്‍ സൂക്ഷിച്ചിരുന്ന അടയ്ക്ക ചാക്കുകള്‍ കാണാനില്ലെന്നു വ്യക്തമായി. വിവരം അയല്‍ക്കാരെയും മറ്റും ഫോണ്‍ ചെയ്ത് അറിയിച്ചു. ഇതിനിടയില്‍ ആനക്കുഴി റോഡില്‍ കൂടി യാത്ര ചെയ്യുകയായിരുന്നവര്‍ സ്‌കൂട്ടറും അടയ്ക്കാ ചാക്കുകളുമായി റോഡരുകില്‍ നില്‍ക്കുന്ന ആളെ കണ്ടു ചോദ്യം ചെയ്തപ്പോള്‍ പരുങ്ങുന്നത് കണ്ട് മോഷ്ടാവാണെന്നു സംശയിച്ചു. ഇതിനിടയില്‍ വര്‍ഗ്ഗീസിന്റെ വീട്ടുകാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സ്ഥലത്തെത്തി അടയ്ക്കാ ചാക്കുകള്‍ തന്റെ വീട്ടു വരാന്തയില്‍ നിന്നു മോഷണം പോയവയാണെന്നു വീട്ടുകാര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അമ്പലത്തറ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി പ്രതിയെയും തൊണ്ടി മുതലും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു’.






