മലമ്പുഴയില്‍ ആരൊക്കെ ഗോദയിലിറങ്ങും?; വി എസിന്റെ മകന്‍ സി പി എം പരിഗണനയില്‍; യു ഡി എഫിന്റെ പട്ടികയില്‍ വി എസിന്റെ പി എയും സന്തത സഹചാരിയായിരുന്ന സുരേഷ്

പാലക്കാട്: കേരളത്തിന്റെ കണ്ണും കരളുമായിരുന്ന വി എസ് അച്യുതാനന്ദന്റെ മണ്ഡലമായിരുന്ന പാലക്കാട്ട് ഇക്കുറി ആരെയായിരിക്കും ഇടതു- വലതു മുന്നണികള്‍ കളത്തിലിറക്കുക? നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കു ചൂടും ചൂരും ഏറി തുടങ്ങിയതോടെ മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി.
ഏറെക്കാലം വി എസ് അച്യുതാനന്ദന്റെ നിഴലും സന്തത സഹചാരിമായിരുന്ന പഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യു ഡി എഫിന്റെ ആലോചന. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വം നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി.
എന്നാല്‍ മനസു തുറക്കാന്‍ സുരേഷ് തയ്യാറായിട്ടില്ല. ചര്‍ച്ച നടത്തിയ കാര്യം സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്.
‘പത്തു വര്‍ഷം മുമ്പ് സി പി എം തന്നെ പുറത്താക്കിയതാണ് ഇതിനെതിരെ രണ്ടുതവണ സംസ്ഥാന നേതൃത്വത്തിനും ഒരു തവണ ജില്ലാ നേതൃത്വത്തിനും അപ്പീല്‍ നല്‍കി. അതിനു മറുപടി പോലും തന്നില്ല. ഇടതു പക്ഷത്തിനു മൂല്യ ശോഷണം ഉണ്ടായിട്ടുണ്ടെന്നു കരുതുന്ന ആയിരക്കണക്കിനുപേര്‍ കേരളത്തിലുണ്ട്. ആ മൂല്യങ്ങളൊക്കെ തിരിച്ചു പിടിക്കണമെന്ന നിലപാടാണ് തനിക്കുമുള്ളത്’-സുരേഷ് വ്യക്തമാക്കി.
അതേസമയം വി എസിന്റെ മകന്‍ അരുണ്‍കുമാറിനെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചനയിലാണ് സി പി എം. അരുണിന്റെ സ്ഥാനാര്‍ത്ഥിത്വം വഴി മലമ്പുഴയെ വീണ്ടും ചുവപ്പിക്കാമെന്ന കണക്കുകൂട്ടലും സി പി എമ്മിനുണ്ട്. അരുണ്‍കുമാര്‍ ഇടതു സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ എ സുരേഷ് തെരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങില്ലെന്നും ചര്‍ച്ചയുണ്ട്.
നിലവില്‍ സി പി എമ്മിലെ എ പ്രഭാകരന്‍ ആണ് മലമ്പുഴയിലെ എം എല്‍ എ. വി എസ് അച്യുതാനന്ദന്റെ പിന്‍ഗാമിയായിട്ടാണ് പ്രഭാകരന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചത്.
അകത്തേത്തറ, എലമ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂര്‍, പുതുശ്ശേരി, പുതുപ്പരിയാരം, പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മലമ്പുഴ നിയമസഭാ മണ്ഡലം. 2011ലെ തെരഞ്ഞെടുപ്പില്‍ വി എസ് 77,752 വോട്ടിനാണ് വിജയിച്ചിരുന്നത്. എന്നാല്‍ 2016ല്‍ രണ്ടാം അങ്കത്തിനു ഇറങ്ങിയപ്പോള്‍ ഭൂരിപക്ഷം 73,299 ആയി കുറഞ്ഞു.
2021ല്‍ എ പ്രഭാകരന്‍ 25,734 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പ്രഭാകരന്‍ നേടിയ ഈ ഭൂരിപക്ഷത്തെ മറികടക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നു കോണ്‍ഗ്രസിലെ വി കെ ശ്രീകണ്ഠന്‍ മുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതും യി ഡി എഫിനു പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാലുവര്‍ഷം മുമ്പു നല്‍കിയ കാര്‍ഷിക വൈദ്യുതി കണക്ഷനു വേണ്ടത്ര രേഖകള്‍ നല്‍കിയിരുന്നില്ലെന്നു 4 വര്‍ഷത്തിനു ശേഷം കെ എസ് ഇ ബി; 70,000 രൂപ വരെ പിഴക്കു നോട്ടീസ്; അല്ലെങ്കില്‍ ഡിസ്‌കണക്ഷനെന്നു വൈദ്യുതി വിഭാഗം

You cannot copy content of this page