കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ആറുവയസുകാരി റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം ജിഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. കൈയ്ക്കും കാലിനും പരിക്കേറ്റു. കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. വിദ്യാര്‍ത്ഥികളുമായി സ്‌കൂളില്‍ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയില്‍ നിന്നാണ് കുട്ടി തെറിച്ചുവീണത്.
അമിതവേഗത്തില്‍ പോകുന്ന ഓട്ടോയില്‍ നിന്ന് കുട്ടി റോഡിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീണതിനുശേഷം കുട്ടി തനിയെ എഴുന്നേറ്റുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.







