കാസര്‍കോട്: കുണിയയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാംവാര്‍ഷിക സമ്മേളനത്തിനു സമാപനം കുറിച്ച് കൊണ്ട് ജനലക്ഷങ്ങള്‍ പങ്കെടുത്ത പൊതു സമ്മേളനത്തില്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മുജാഹിദ് ഇന്ന് (ചൊവ്വ) വൈകിട്ട് അണങ്കൂരില്‍ മറുപടി പറയുന്നു. വൈകിട്ട് ഏഴുമണിക്കു അണങ്കൂരില്‍ നടത്തുന്ന ആദര്‍ശ സമ്മേളനത്തില്‍ സമസ്തക്കു മറുപടി പറയാനാണ് മുജാഹിദിന്റെ തീരുമാനം. ‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്ത’ എന്ന വിഷയത്തിലാണ് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ (കെ എന്‍ എം) കാസര്‍കോട് മണ്ഡലം കമ്മിറ്റി ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുന്നത്. ജില്ലാ പ്രസിഡന്റ് ഡോ. കെ പി അഹമ്മദ് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ബാരി ബുസ്താനി, അഹമ്മദ് അനസ് മൗലവി പ്രസംഗിക്കും.
കുണിയയിലെ സമസ്ത സമ്മേളനത്തില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുജാഹിദ് വിഭാഗത്തിനു നേരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കെല്ലാം ഇന്നു വൈകിട്ടു നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ മറുപടി പറയുമെന്നാണ് പ്രതീക്ഷ.






