കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 49.14 ഗ്രാം എംഡിഎംഎ
യുമായി യുവാവ് അറസ്റ്റില്‍. കല്ലക്കട്ട സ്വദേശിയും ബേള, കൊല്ലങ്കാനയില്‍ താമസക്കാരനുമായ ബി മുഹമ്മദ് റഫീഖി (39)നെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ സിആര്‍ മൗഷ്മിയും സംഘവും പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം 6.15 മണിയോടെ കാസര്‍കോട് ഗവ. കോളേജിനു മുന്നില്‍ വിദ്യാനഗറിലാണ് മയക്കുമരുന്നു വേട്ട നടത്തിയത്. സര്‍വ്വീസ് റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് കാസര്‍കോട് ടൗണ്‍ ഭാഗത്തു നിന്നു എത്തിയ സ്വിഫ്റ്റ് കാറിനു എസ്‌ഐ കൈകാണിച്ചു. വേഗത കുറച്ച ശേഷം പെട്ടന്ന് വേഗത കൂട്ടിയ കാര്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നി കാറിനെ പിന്‍തുടര്‍ന്ന് പൊലീസ് വാഹനം കാറിനു കുറുകെ ഇട്ടാണ് തടഞ്ഞു നിര്‍ത്തിയത്. വിശദമായ പരിശോധനയില്‍ ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. കാറിന്റെ മുന്‍സീറ്റില്‍ മംഗ്‌ളൂരു സ്വദേശിനിയായ 23കാരിയും രണ്ടു കുട്ടികളും ഉണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിന്റെ ബന്ധുവാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.







