കാസര്‍കോട്: ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നുപാപ്പുവിന്റെ മൃതദേഹം അല്‍പ്പസമയത്തിനുള്ളില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
ചിന്നുപാപ്പു എന്ന രേഷ്മ (25)യുടെ മരണത്തില്‍ സഹോദരന്‍ രതീഷ് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനെക്കുറിച്ചു പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍ കാസര്‍കോട്ടും ഫോറന്‍സിക് സര്‍ജ്ജനുള്ളതു കൊണ്ടു ആ നീക്കം ഉപേക്ഷിച്ചു.
ഇന്നലെ ഉച്ചക്കു രണ്ടുമണിയോടെയാണ് കാസര്‍കോട് ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ചിന്നുപാപ്പുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പറയുന്നു. വാടക വീടിന്റെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നുവെന്നു പറയുന്നു. അതേസമയം രേഷ്മയുടെ ആണ്‍ സുഹൃത്ത് മധൂര്‍ സ്വദേശി സന്ദേശ് എത്തിയാണ് രേഷ്മയെ ആശുപത്രിയിലെത്തിച്ചതെന്നു സംസാരമുണ്ട്. വിവരമറിഞ്ഞു രേഷ്മയുടെ പിതാവ് ആദൂര്‍ ആലന്തടുക്കയിലെ ഗംഗാധരനും സഹോദരന്‍ രതീഷും ആശുപത്രിയിലെത്തുകയും പിന്നീട് മരണത്തില്‍ സംശയം പ്രകടിപ്പിച്ചു പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
25കാരിയായ രേഷ്മ 18-ാം വയസ്സിലാണ് സോഷ്യല്‍ ഇന്‍ഫ്‌ലുവന്‍സര്‍ മേഖല സ്വയം തിരഞ്ഞെടുത്തത്. കാസര്‍കോട്ടെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ വശ്യമായ സംസാര രീതിയും ഗ്രാമീണവും നൂതനവുമായ പാചകരീതികളും സഞ്ചാര വിശേഷങ്ങളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും അവ കാണികളെ ആകര്‍ഷിക്കുകയും ചെയ്തു. രേഷ്മക്കു രണ്ടു ലക്ഷത്തിലധികം ഫോളേവേഴ്‌സുണ്ട്. ഇതോടൊപ്പം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പു പ്രജ്വല്‍ എന്നയാളെ വിവാഹം കഴിച്ചു. പ്രേമ വിവാഹമായിരുന്നു. ഇടക്കു ദാമ്പത്യത്തിലുണ്ടായ അസ്വാരസ്യത്തെ തുടര്‍ന്ന് അടുത്തിടെ വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിരുന്നു. ഇതില്‍ 4 വയസ്സുള്ള മകനുണ്ട്- ബിഹാന്‍. വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ടു യാത്ര ആവശ്യമായി വരുമ്പോള്‍ മകനെ ആദൂര്‍ ആലന്തടുക്കയിലെ വീട്ടില്‍ നിറുത്തായിരുന്നു പതിവ്. ഇതിനിടയില്‍ മധൂര്‍ സ്വദേശിയും പെയിന്റിംഗ് വിദഗ്ദ്ധനുമായ സന്ദേശുമായി സൗഹൃദത്തിലായിരുന്നു. ഇന്നലെ ഉച്ചയോടടുപ്പിച്ചു പലതവണ സന്ദേശ്, ചിന്നുപാപ്പുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി പറയുന്നു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് രേഷ്മ തൂങ്ങി മരിച്ചതറിയുന്നതെന്നു പറയുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.
അതേസമയം സന്ദേശില്‍ നിന്നു വിവരങ്ങള്‍ ആരായാനും നീക്കമുണ്ട്. ചിന്നുപാപ്പുവിന്റെ ആകസ്മിക വേര്‍പാട് ഫോളേവേഴ്‌സ് അവിശ്വസനീയമായി കരുതുകയാണ്. കന്നഡയും മലയാളവും തുളുവും കൊങ്കണിയുമൊക്കെ ചേര്‍ന്ന സംസാരരീതിയും ശ്രോതാക്കള്‍ക്കു എളുപ്പത്തില്‍ ആസ്വദ്യമായി മനസ്സിലാവുന്ന വൈവിധ്യമായ വിഷയങ്ങളും അതിനെക്കുറിച്ചുള്ള അവതരണ രീതിയും ചിന്നുപാപ്പുവിനു വലിയ പിന്തുണ ഫോളോവേഴ്‌സ് സമ്മാനിച്ചിരുന്നു. ഗംഗാധരന്‍- ശൈലജ ദമ്പതികളുടെ മകളാണ് രേഷ്മ എന്ന ചിന്നുപാപ്പു. മകന്‍: ബിഹാന്‍. സഹോദരങ്ങള്‍: രതീഷ്, രഞ്ജിത്ത്.






