പയ്യന്നൂര്‍: സി പി എം പുറത്താക്കിയ മുന്‍ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂര്‍, തായിനേരിയില്‍ കൂറ്റന്‍ ബാനര്‍.’ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം’ എന്ന് എഴുതിയ ബാനറില്‍ പയ്യന്നൂര്‍ സഖാക്കള്‍ എന്നുമുണ്ട്. തായിനേരി സൂര്യ മുക്കില്‍ റോഡിനു കുറുകെ വലിച്ചു കെട്ടിയ നിലയില്‍ ചൊവ്വാഴ്ച രാവിലെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
തായിനേരി കുറിഞ്ഞി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവം ചൊവ്വാഴ്ച തുടങ്ങും. പ്രസ്തുത ക്ഷേത്രത്തില്‍ നിന്നു 100 മീറ്റര്‍ അകലെയാണ് കുഞ്ഞികൃഷ്ണനെതിരെയുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഇവിടെ നിന്നു ക്ഷേത്ര കവാടം വരെ റോഡില്‍ ഡി വൈ എഫ് ഐ, സി പി എം എന്ന് എഴുതിവച്ചിട്ടുണ്ട്.
തിങ്കളാഴ്ച തായിനേരി, കാരയില്‍ കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു കൊണ്ട് ബാനര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കള്ളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല’ എന്ന് എഴുതിയ ബാനറിനു താഴെ കാരയിലെ സഖാക്കള്‍ എന്നും രേഖപ്പെടുത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പ്രദേശമാണ് കാര.






