തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ നേരത്തെ താപ നില ഉയരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതത്തിനും നിര്‍ജലീകരണത്തിനുമുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കടുത്ത ചൂട് സൂര്യാഘാതത്തിനും നിര്‍ജ്ജലീകരണത്തിനും ഇടയാക്കുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു അതോറിറ്റി വ്യക്തമാക്കി.
പകല്‍ 11 മണിക്കും മൂന്നു മണിക്കും ഇടയില്‍ തുടര്‍ച്ചയായി വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണമെന്നും അറിയിപ്പില്‍ പറഞ്ഞു.
പോയവര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനലിന്റെ തുടക്കത്തില്‍ തന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കിണറുകളിലെ ജലനിരപ്പ് ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നതായും തോടുകള്‍ വറ്റികൊണ്ടിരിക്കുന്നതായും കര്‍ഷകർ പറയുന്നു. കടുത്ത ചൂട് കാര്‍ഷിക വിളകളെയും കടുത്ത പ്രതിസന്ധിയിലാക്കി തുടങ്ങിയിട്ടുണ്ട്.







