പ്രവാസി യുവതിയുടെ കോടികള്‍ വിലമതിക്കുന്ന കെട്ടിടവും ഭൂമിയും വ്യാജ രേഖയിലൂടെ സ്വന്തമാക്കി; സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രവാസി യുവതിയുടെ കോടികള്‍ വിലമതിക്കുന്ന കെട്ടിടവും ഭൂമിയും വ്യാജ രേഖയിലൂടെ സ്വന്തമാക്കിയ കേസില്‍ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ലക്ഷ്മി അറസ്റ്റില്‍. തിരുവനന്തപുരം ജവഹര്‍ നഗറിലെ കോടികളുടെ ഭൂമിതട്ടിപ്പിന് കൂട്ടുനിന്നുകൊടുത്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മ്യൂസിയം പൊലീസ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. യുവതിയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാന്‍ വ്യാജ ഇഷ്ടദാന കരാര്‍ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജവഹര്‍ നഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവും ഉള്‍പ്പെടെ 12 കോടിയുടെ സ്വത്താണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്.

കേസില്‍ മണികണ്ഠന്‍ അഞ്ചാം പ്രതിയാണ്. മ്യൂസിയം പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ മണികണ്ഠന്റെ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ചെന്നൈയില്‍ ഹോട്ടലില്‍ താമസിച്ചിരുന്ന മണികണ്ഠന്‍ ബെംഗളൂരുവിലേക്ക് മാറിയതായി ഇതിനിടെ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്നാണ് മണികണ്ഠനെ കസ്റ്റഡിലെടുത്തത്. അന്വേഷണം പുരോഗമിക്കുമ്പോഴും ഭൂമി തട്ടിപ്പിലെ ദുരൂഹതകള്‍ തുടരുകയാണ്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകള്‍ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വെണ്ടറും കോണ്‍ഗ്രസ് നേതാവുമായ മണികണ്ഠനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഡോറയായി ആള്‍മാറാട്ടം നടത്തിയ വട്ടപ്പാറ സ്വദേശി വസന്ത, ഡോറയുടെ ചെറുമകളെന്ന പേരില്‍ രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായ പുനലൂര്‍ സ്വദേശി മെറിന്‍ ജേക്കബ്, ആള്‍മാറാട്ടത്തിന് സഹായിച്ച സുനില്‍, വെണ്ടര്‍ മണികണ്ഠന്‍, സഹോദരന്‍ മഹേഷ്, സെയ്മാലി എന്നിവരടക്കം എട്ടുപേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page