തുടര്‍ഭരണം: വീണ്ടും ആഞ്ഞടിച്ച് സച്ചിദാനന്ദന്‍; സാറാ ജോസഫും രംഗത്ത്

തിരുവനന്തപുരം: തുടര്‍ഭരണം കേരളത്തിനു നല്ലതല്ലെന്ന് ആവര്‍ത്തിച്ച് സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ സച്ചിതാനന്ദന്‍. കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് നല്ലത് രണ്ടു മുന്നണികളും മാറി, മാറി ഭരിക്കുന്നതാണ്. ഇത് തെരഞ്ഞെടുപ്പു കാലത്ത് പറയുന്നതല്ല, എല്ലാ കാലത്തും പറയുന്നതാണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി, മാറി വരണം. ബംഗാള്‍ ഉദാഹരണമാണ്. അക്കാര്യം എനിക്ക് നേരിട്ടറിയാം. തുടര്‍ഭരണം, പാര്‍ട്ടി തന്നെ ആഗ്രഹിക്കാത്ത ആളുകള്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളോടെ കടന്നു വരാന്‍ ഇടയാക്കും. അധികാര കേന്ദ്രീകരണം വര്‍ധിക്കാന്‍ ഇടയാക്കും. പ്രതിപക്ഷത്ത് ഇരിക്കുകയെന്നത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരാഴ്ത്തുന്നതിനും ഇടയാക്കും. ഏത് ജനാധിപത്യത്തിലും ശക്തമായ പ്രതിപക്ഷമുണ്ടാക്കുക എന്നത് ആവശ്യമാണ്- സച്ചിദാനന്ദന്‍ വിശദീകരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിത്തട്ടിലെ പാര്‍ട്ടി ആവേണ്ടതാണ്. പക്ഷെ, മധ്യ- ഉപരിവര്‍ഗത്തിന്റെ ആഗ്രഹങ്ങളാണ് സാധിച്ചു കൊടുക്കുന്നത്. മത- സമുദായ പ്രീണനത്തിനു ശ്രമിക്കരുത്. ഗുരുവിന്റെ തത്വങ്ങള്‍ക്ക് എതിരായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനേക്കാള്‍ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടിവരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരനു മാത്രമല്ല, ഏതൊരു മതേതരവാദിക്കും കേരളീയനും അംഗീകരിക്കാന്‍ കഴിയില്ല- സച്ചിദാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.
സച്ചിദാനന്ദനു പിന്നാലെ പ്രമുഖ എഴുത്തുകാരിയായ സാറാ ജോസഫും രംഗത്തു വന്നു. തുടര്‍ ഭരണം അപകടമാണെന്നും വേണ്ടെന്നും സാറാ ജോസഫ് പറഞ്ഞു. കേരളത്തില്‍ ഭരണമാറ്റം ആവശ്യമാണ്. ജനാധിപത്യത്തിന്റെ നാശമാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിക്ക് അകത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. തിരുത്തലിനും സാധ്യത ഇല്ലാത്ത നിലയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്- സാറാ ജോസഫ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page