മനുഷ്യര്‍ ഐക്യത്തോടെ നിന്നില്ലെങ്കില്‍ മനുഷ്യകുലം തന്നെ മുടിഞ്ഞു പോകും: കെ പി രാമനുണ്ണി

കാഞ്ഞങ്ങാട്: ദേശീയതയ്ക്കും വംശീയതയ്ക്കും ഭാഷാപരമായ വ്യത്യസ്തതകള്‍ക്കും ഉപരി ലോകത്തിലെ എല്ലാ മനുഷ്യരും ഐക്യത്തോടെ നിന്നില്ലെങ്കില്‍ മനുഷ്യകുലം തന്നെ മുടിഞ്ഞു പോകുന്ന ചരിത്ര സന്ധിയിലാണ് നമ്മള്‍ എത്തിയിരിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണിപറഞ്ഞു. വായനക്കാരുടെ കൂട്ടായ്മയായ കഥാവസന്തത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കഥാചര്‍ച്ചയും സ്‌നേഹ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനവും മഹാമാരികളും മനുഷ്യരാശിക്ക് മുന്നില്‍ ഉയര്‍ത്തുന്നത്അത്തരം ഭീഷണികളാണ്. മനുഷ്യനെ ഐക്യപ്പെടുത്താനുള്ള കലാപരമായ ഉപാധിയാണ് സാഹിത്യം. മനുഷ്യനെ മനുഷ്യനാക്കുന്നത് മര്‍ത്യ ഭാഷയാണെങ്കില്‍ ചരിത്ര മനുഷ്യനാക്കുന്നത് കഥയാണ്. അതുകൊണ്ട് കഥ കളിയല്ല,സുപ്രധാനമായ ഒരു കാര്യമാണ്. ഭാവി സമൂഹത്തെ രൂപപ്പെടുത്തുന്ന പരീക്ഷണശാലകളാണ് സാഹിത്യകൃതികളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഡോ. എന്‍ പി വിജയന്‍ അധ്യക്ഷത വഹിച്ചു. ഡോ.സജയ് കെ.വി, പി.കെ പാറക്കടവ്, ദിവാകരന്‍ വിഷ്ണുമംഗലം, വത്സന്‍ അഞ്ചാംപീടിക, സീതാദേവി കരിയാട്ട്, വി.എം മൃദുല്‍ പ്രസംഗിച്ചു.
ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് ഇ.പി രാജഗോപാലന്‍, ഡി സി ബുക്‌സ് സെഡോറ പുരസ്‌കാരം നേടിയ അനുജിത്ത് ശശിധരന്‍, രാഹുല്‍ ഉദിനൂര്‍, കെ.ദേവനന്ദ എന്നിവരെ ആദരിച്ചു. ഗണേശന്‍ അയറോട്ട് സ്വാഗതവും കെ.ജി ജ്യോതിമോള്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് അംബികാസുതന്‍ മാങ്ങാടിന്റെ ‘സുറുമി’ കഥാചര്‍ച്ചനടന്നു. അനീഷ് വെങ്ങാട്ട് അംബികാസുതന്‍ മാങ്ങാട്, ബാലകൃഷ്ണന്‍ ചാപ്പയില്‍ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page