തിരുപ്പതി ലഡ്ഡുവില്‍ ബാത്ത്‌റൂം ക്ലീനിങ് കെമിക്കലുകളും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചന്ദ്രബാബു നായിഡു

തെലങ്കാന: തെലങ്കാനയില്‍ തിരുപ്പതി ലഡ്ഡുവിനെ ചൊല്ലിയുള്ള ആരോപണങ്ങളും വിവാദങ്ങളും അവസാനിക്കുന്നില്ല. ജഗന്‍ മോഹന്‍ റെഡ്ഡി നയിച്ച വൈ.എസ്.ആര്‍ കോണ്‍ഗ്രസ് (വൈഎസ്ആര്‍സിപി) സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവില്‍ ബാത്ത്‌റൂം ക്ലീനിങ് കെമിക്കലുകള്‍ ചേര്‍ത്തിരുന്നുവെന്നാണ് നായിഡുവിന്റെ ആരോപണം. മൃഗക്കൊഴുപ്പ്, പാംഓയില്‍, കെമിക്കല്‍ എന്നിവ ലഡ്ഡുവില്‍ ഉണ്ടായിരുന്നുവെന്ന് പ്രത്യേക അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും നായിഡു പറഞ്ഞു.

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയ വ്യാജ നെയ്യ് ചേര്‍ത്തിരുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ജഗന്‍ മോഹനെയും പാര്‍ട്ടിയെയും വെട്ടിലാക്കുന്നതാണ് നായിഡുവിന്റെ വെളിപ്പെടുത്തല്‍.

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തെ കളങ്കപ്പെടുത്താനാണ് വൈ.എസ്.ആര്‍ ശ്രമിച്ചത്. ഇത് ദൈവത്തിനു നേരെയുള്ള ഏറ്റവും മോശം പ്രവൃത്തിയാണ്. ഭക്തര്‍ക്കെതിരായ കുറ്റകൃത്യമാണ് ഇത് തുറന്നുകാട്ടുന്നതെന്നും നായിഡു ആരോപിച്ചു. നെയ്യ് സാംപിളുകളില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് നാഷനല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിലെ ലാബോറട്ടറി പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. സംഭവം വലിയ വിവാദമായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകളും ഉണ്ടാകുന്നത്.

വൈ.എസ്.ആര്‍.സി.പി അധികാരത്തിലിരുന്നപ്പോഴാണ് ലഡ്ഡുവില്‍ ഇത്തരം തിരിമറികള്‍ നടന്നതെന്നാണ് ആരോപണം. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാണെന്ന് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ പ്രതികരിച്ചു. മതവികാരം വ്രണപ്പെടുത്താനാണ് കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ആന്ധ്രാ ബിജെപി പ്രസിഡന്റ് പിവിഎന്‍ മാധവ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page