ന്യൂഡല്‍ഹി: വൃത്തിഹീനമായ ശുചിമുറിയെക്കുറിച്ചു പരാതിപ്പെട്ട യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ബലമായി ഇറക്കിവിട്ടു. സംഭവത്തില്‍ ടിടിഇക്കെതിരെ റെയില്‍വെ അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം- നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസിലാണ് സംഭവം. വഡോദര സ്വദേശി മങ്കേഷ് തിവാരിയെയാണ് ടിടിഇ മുകേഷ് കുമാര്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് റെയില്‍വേ അന്വേഷണം ആരംഭിച്ചത്.
വഡോദരയില്‍ നിന്നാണ് മങ്കേഷ് ട്രെയിനിലെ സെക്കന്‍ഡ് എസി കോച്ചില്‍ കയറിയത്. രാജസ്ഥാനിലെ കോട്ടയില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ശുചിമുറിയെക്കുറിച്ചു ടിടിഇയോടു പരാതിപ്പെട്ടു. ടിടിഇ ശുചീകരണ തൊഴിലാളികളെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടെ, വൃത്തിഹീനമായ ശുചിമുറിയുടെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച മങ്കേഷിനെ ടിടിഇ ആക്രമിച്ചു. തുടര്‍ന്ന് ബലമായി ട്രെയിനില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് 139 എന്ന റെയില്‍വേ ഹെല്‍പ് ലൈനില്‍ സഹായത്തിനായി വിളിച്ചങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് മങ്കേഷ് ആരോപിച്ചു.







