വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ കാമുകന്‍മാരില്ലെങ്കില്‍ വിഷമിക്കേണ്ട; അടിച്ചുപൊളിച്ച് ആഘോഷിക്കാം ‘ഗാലന്റൈന്‍സ് ഡേ’

കൊച്ചി: ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേ ആണ്. കമിതാക്കളെല്ലാം ഈ ദിനം ആഘോഷമാക്കാന്‍ കാത്തിരിക്കുന്നു. പോക്കറ്റ് കാലിയാകുന്ന ദിവസം കൂടിയാണ് ഇത്. കാമുകിക്ക് വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കുകയും അവര്‍ക്കൊപ്പം ഔട്ടിംഗിന് പോകുന്നതുമൊക്കെ ഈ ദിവസം പലരും ആഘോഷമായി കാണുന്നു. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പ്രായഭേദമില്ല, എല്ലാ പ്രായക്കാരും ഒരുപോലെ ആഘോഷിക്കുന്നു.

ഇനി കാമുകന്‍മാരില്ലാത്തവര്‍ക്കും ഈ ദിനം ആഘോഷിക്കാം, പേരില്‍ ചെറിയ മാറ്റമെന്ന് മാത്രം- ‘ഗാലന്റൈന്‍സ് ഡേ’. പ്രണയത്തിനുപരിയായി പെണ്‍സുഹൃത്തുക്കള്‍ ആഘോഷിക്കാനായി മാറ്റിവച്ച ദിവസമാണിത്. എല്ലാവര്‍ഷവും ഫെബ്രുവരി 13നാണ് ഇത് ആഘോഷിക്കുന്നത്. പാര്‍ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ എന്ന പ്രശസ്തമായ ടിവി ഷോയിലൂടെയാണ് ഈ ആശയം ജനകീയമായത്.

പങ്കാളികള്‍ ഇല്ലാത്തവര്‍ പ്രണയദിനത്തില്‍ പെണ്‍സുഹൃത്തുക്കളുമൊത്തുള്ള ഒരു രസകരമായ രാത്രിയാണ് ആസൂത്രണം ചെയ്യുന്നത്. അതാണ് ‘ഗാലന്റൈന്‍സ് ഡേ’. ജീവിതത്തിലെ പ്രധാനപ്പെട്ട സ്ത്രീ സൗഹൃദങ്ങളെ അഭിനന്ദിക്കാനും ആ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും ഈ ദിവസം തിരഞ്ഞെടുക്കാം.

സ്‌നേഹം എന്നത് വെറുമൊരു പ്രണയ ബന്ധം മാത്രമല്ലെന്നും സുഹൃത്തുക്കള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം ഉണ്ടെന്നും ഈ ദിവസം ഓര്‍മിപ്പിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായി നില്‍ക്കുന്ന സുഹൃത്തുക്കളെ ഈ ദിവസം ഓര്‍ക്കുകയും കൂടെ ആഘോഷിക്കുകയും ചെയ്യാം.

നിങ്ങള്‍ക്ക് എല്ലാം തുറന്നു പറയാവുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ ആ ദിവസം അവരുമായി ഒരു ട്രിപ്പ് പോകാം. സേവന തല്പരരാണെങ്കില്‍ എല്ലാവര്‍ക്കും കൂടെ ഒരല്പം സാമൂഹ്യ പ്രവര്‍ത്തനം ആകാം. ഒരാളില്‍ മാത്രമായി നിങ്ങളുടെ ആഘോഷം ഒതുക്കുകയും ആകാം. സമ്മാനങ്ങള്‍ കൈമാറാം.

വൈകുന്നേരങ്ങള്‍ ഒഴിവാക്കേണ്ട കാര്യമില്ല. രാത്രി വരെ ആഘോഷം തുടരാം. ഒരു പെണ്‍കുട്ടിക്ക് തന്റെ കൂട്ടുകാരികളോടൊപ്പം ആഘോഷിക്കാന്‍ കിട്ടുന്ന ഒരു മനോഹരദിനമായി ഇന്ന് ഗാലന്റൈന്‍സ് ഡേ മാറിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page