കാറിന് തീകൊളുത്തി കൂട്ട ആത്മഹത്യാശ്രമം; സംഭവം മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പൊള്ളലേറ്റ് മരിച്ച സജീറിന്റെ ഭാര്യ നജ്മത്ത്; മരണത്തിന് മുമ്പ് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച വീഡിയോയിലെ ആരോപണം പൊലീസ് അന്വേഷണത്തില്‍

മാനന്തവാടി: കുടുംബ സമേതം സഞ്ചരിക്കുകയായിരുന്ന കാറിന് തീകൊളുത്തി കൂട്ട ആത്മഹത്യ ചെയ്യാനുള്ള ഭര്‍ത്താവിന്റെ ശ്രമം അറിഞ്ഞിരുന്നില്ലെന്ന് കൊല്ലപ്പെട്ട സജീറിന്റെ ഭാര്യ നജ്മത്ത് പൊലീസിന് മൊഴി നല്‍കി. കര്‍ണാടക കുട്ടയില്‍ വ്യാപാരിയായ കണ്ണൂര്‍ സ്വദേശി സജീറും കുടുംബവും നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ മാനന്തവാടിയില്‍ വച്ചാണ് കാറിനകത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

സജീര്‍ സംഭവ സ്ഥലത്ത് പൊള്ളലേറ്റ് മരിച്ചു. മാരകമായി പൊള്ളലേറ്റ ഭാര്യ നജ്മത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് അവര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സജീര്‍ പെട്രോള്‍ വാങ്ങിയതെന്ന് നജ്മത്ത് പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യയ്ക്ക് മുമ്പ് സജീര്‍ വീഡിയോയില്‍ ആരോപണം ഉന്നയിച്ച മാനന്തവാടിയില്‍ വ്യാപാരം നടത്തുന്ന ഇസി ബാപ്പുവിനെയും, കോഴിക്കോട്ടെ റഫീഖിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം സജീറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ബാപ്പു താന്‍ നിരപരാധിയാണെന്നും സജീറിന് കെട്ടിടം വാടകയ്ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ മാസങ്ങളായി സജീര്‍ വാടക നല്‍കിയിരുന്നില്ലെന്നും ബാപ്പു സമൂഹ മാധ്യമത്തില്‍ പറഞ്ഞു. മൂന്നുവര്‍ഷമായി താനാണ് കട നടത്തുന്നതെന്നും സജീറിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

ബാപ്പുവുമായുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് മരിക്കുന്നതിന് മുമ്പ് സജീര്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസമാണ് മാനന്തവാടിയില്‍ കാറില്‍ പെട്രോള്‍ ഒഴിച്ച് സജീര്‍ ആത്മഹത്യ ചെയ്തത്. സജീറിനും ഭാര്യയ്ക്കും പുറമെ കാറിലുണ്ടായിരുന്ന മൂന്നു കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page