ന്യൂഡല്‍ഹി: വിവാഹിതയായ സ്ത്രീക്ക് വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കാനാകില്ലെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ വഷളാകുമ്പോള്‍ ബലാത്സംഗക്കേസുകള്‍ ഫയല്‍ ചെയ്ത് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. പരസ്പര സമ്മതത്തോടെയുള്ള ബന്ധം വഷളായതിന്റെ ഉദാഹരണമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീയുടെ വിവാഹം നിലനില്‍ക്കുന്നതിനാല്‍ അവര്‍ക്ക് നിയമപരമായി മറ്റൊരു വിവാഹം കഴിക്കാന്‍ അര്‍ഹതയില്ലെന്നും, അതിനാല്‍ ‘വിവാഹ വാഗ്ദാനം ലംഘിച്ചു’ എന്ന വാദം ഉന്നയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവാഹിതയെ വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരേയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹമോചന ഹര്‍ജി പരിഗണിക്കാനിരിക്കുന്ന 33 വയസുള്ള അഭിഭാഷകയും ഒരു കുട്ടിയുടെ അമ്മയുമാണ് പരാതിക്കാരി. പരാതിക്കാരിയുടെ വിവാഹമോചനം ഇപ്പോഴും തീര്‍പ്പാക്കാത്തതിനാല്‍, ആരോപിക്കപ്പെട്ട ബന്ധത്തിന്റെ മുഴുവന്‍ കാലയളവിലും അവള്‍ നിയമപരമായി വിവാഹിതയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ബലാത്സംഗ നിയമങ്ങള്‍ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, യഥാര്‍ത്ഥ കേസുകള്‍ തിരിച്ചറിയുന്നതില്‍ കോടതികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു. കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ നിയമപരമായ ഘടകങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 5 (i) പ്രകാരം, ജീവിച്ചിരിക്കുന്ന പങ്കാളി ഉള്ളപ്പോള്‍ മറ്റൊരു വിവാഹം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതിനാല്‍, ബന്ധത്തിലായിരുന്ന സമയത്തോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത തീയതിയിലോ പരാതിക്കാരി വിവാഹിതയായിരുന്നുവെങ്കില്‍, പ്രതി നല്‍കിയ വിവാഹ വാഗ്ദാനത്തിന് നിയമസാധുതയില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നല്‍കി 2022 സെപ്റ്റംബര്‍ മുതല്‍ ആരോപണ വിധേയനുമായി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2025 ജനുവരി വരെ ആ ബന്ധം തുടര്‍ന്നു. ആ സമയത്ത് താന്‍ ഗര്‍ഭിണിയാകുകയും ഗര്‍ഭഛിദ്രത്തിന് വിധേയയാകാന്‍ നിര്‍ബന്ധിതയാകുകയും ചെയ്തു. ആരോപണ വിധേയനായ ആളുടെ കുടുംബവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന്, 2025 ഫെബ്രുവരിയിലാണ് യുവതി പരാതി നല്‍കിയത്.







