ചെന്നൈ: യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായിക വിന്‍സി നിവേദയും ഉള്‍പ്പെടെ എട്ടുപേര്‍ ചെന്നൈയില്‍ രാസലഹരിയുമായി പിടിയില്‍. ചെന്നൈ പൊലീസിന്റെ ആന്റി-നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. മെത്താംഫെറ്റമിന്‍, എല്‍ എസ് ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്ന് ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റ് അറിയിച്ചു. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന്‍ എന്നയാളെയാണ് രാസലഹരിയുമായി ആദ്യം പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതോടെയാണ് നടിയും സഹസംവിധായികയുമടക്കമുള്ളവര്‍ കുടുങ്ങിയത്. പൊലീസ് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയില്‍ ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിച്ചു. പിന്നാലെ വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാന്‍ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
അഞ്ജു കൃഷ്ണ (30), വിന്‍സി നിവേദ (26), കാര്‍ത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അല്‍വിബിന്‍ഷ (27), വെങ്കിടേഷ് കുമാര്‍ (31) എന്നിരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എല്‍എസ്ഡി സ്റ്റാമ്പ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. പ്രതികളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തൃശൂര്‍ സ്വദേശിയായ അഞ്ജു കൃഷ്ണ തമിഴ് സിനിമയിലും സജീവമാണ്. തമിഴ് ചിത്രങ്ങളിലെ സഹസംവിധായികയാണ് വിന്‍സി നിവേദ. ഐഎംഡിബി പ്രകാരം, ആകാശം കടന്‍, ജോജു ജോര്‍ജിനൊപ്പം അഭിനയിച്ച ആരോ, ഓം വെള്ളിമലൈ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫ് ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത പ്രിയങ്കരി എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പരിചിതയാണ്.







