പറശ്ശിനിക്കടവില്‍ ലോഡ്ജ് മുറിയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; കൂടെയുണ്ടായിരുന്ന ആള്‍ സ്ഥലം വിട്ടത് മുറി പുറത്തു നിന്നു പൂട്ടി, മുങ്ങിയ ആളെ കണ്ടെത്താന്‍ പൊലീസ് പൊതുജന സഹായം തേടി

പയ്യന്നൂര്‍: പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് കൊവ്വുമ്മല്‍ ഹൗസിലെ പരേതനായ കെ. സുരേഷിന്റെ ഭാര്യ കെ. സീമ (45)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെ മുറിയെടുത്ത അയ്യോത്ത്, കടേല്‍പറമ്പില്‍ ഹൗസിലെ വിജയനെ കാണാനില്ല. കൊലപാതകത്തിനു ശേഷം പുറത്തു നിന്നു മുറി പൂട്ടി സ്ഥലം വിട്ട ഇയാളെ കണ്ടെത്തുന്നതിന് തളിപ്പറമ്പ് പൊലീസ് പൊതുജനസഹായം തേടി.
പറശ്ശിനിക്കടവിലെ ലാന്റ് ഇന്‍ ലോഡ്ജിലാണ് സംഭവം. ബുധനാഴ്ച ഉച്ചക്ക് 12.50 മണിക്കാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരം 6.30 മണി വരെയായിരുന്നു മുറി അനുവദിച്ചിരുന്നത്. നിശ്ചിത സമയത്തിനു മുമ്പ് ലോഡ്ജിലെ റിസപ്ഷനില്‍ എത്തിയ വിജയന്‍ മടപ്പുര വരെ പോകുന്നുവെന്നും ഉടന്‍ തിരിച്ചെത്താമെന്നും അറിയിച്ചാണ് പുറത്തു പോയതെന്നു ലോഡ്ജ് ജീവനക്കാര്‍ പൊലീസിനു മൊഴി നല്‍കി. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും വിജയന്‍ തിരിച്ചെത്തിയില്ല. ലോഡ്ജ് ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. സംശയം തോന്നിയ ജീവനക്കാര്‍ മുറിയുടെ മുന്നില്‍ എത്തിയപ്പോള്‍ പുറത്തു നിന്നു പൂട്ടിയ നിലയില്‍ കാണപ്പെട്ടു. തുടര്‍ന്ന് തളിപ്പറമ്പ് പൊലീസിനെ വിവരം അറിയിച്ചു. എസ്‌ഐ കെ. ദിനേശിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി. മുറി ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് സീമയെ കണ്ടത്. പരിശോധനയില്‍ മരണപ്പെട്ടതായി വ്യക്തമായി. കഴുത്തില്‍ മുറിവുള്ളതായും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന് ഉറപ്പിച്ചത്. മുറിപൂട്ടിപ്പോയ വിജയനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇയാളെ കണ്ടെത്താന്‍ പൊലീസ് പൊതുജന സഹായവും തേടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page