ടിക്കറ്റ് ഇല്ലാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചു; 70 കാരിക്കെതിരെ കേസ്

തൃശൂര്‍: യാത്രാ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ എടുക്കാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പ്രതിയെ തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. ഇരിങ്ങാലക്കുട സ്വദേശിനിയായ 70 കാരി ചന്ദ്രമതിയെയാണ് കോടതി വെറുതെവിട്ടത്. 2012 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

പുലര്‍ച്ചയുള്ള ട്രെയിനിന് കോഴിക്കോട്ടേക്ക് പോകാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതാണ് ചന്ദ്രമതി. പുലര്‍ച്ചെയുള്ള ട്രെയിനുകള്‍ക്ക് ടിക്കറ്റുകള്‍ രാത്രി 12 മണിക്ക് ശേഷം മാത്രമേ കൗണ്ടറില്‍ നിന്ന് ലഭ്യമാകൂ എന്ന് സ്റ്റേഷനില്‍ നിന്ന് അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററുടെ അനുവാദത്തോടെ ലേഡീസ് വെയിറ്റിങ് റൂമില്‍ വിശ്രമിക്കുമ്പോഴാണ് കെയര്‍ ടെയ്കര്‍ ചന്ദ്രമതിയോട് ടിക്കറ്റ് എടുക്കാതെ ഇരിക്കാന്‍ കഴിയില്ലെന്ന് പറയുന്നത്.

സ്റ്റേഷന്‍ മാസ്റ്ററുടെ അനുമതിയോടെയാണ് ഇരിക്കുന്നത് ചന്ദ്രമതി പറഞ്ഞു. അത് വകവയ്ക്കാതെ കെയര്‍ ടെയ്കര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ വിളിച്ചുവരുത്തി ലാത്തി ഉപയോഗിച്ച് ചന്ദ്രമതിയെ മര്‍ദിച്ചു. മര്‍ദനമേറ്റ് കയ്യില്‍ നീര് വന്ന് വീര്‍ക്കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ചന്ദ്രമതിയുടെ ബാഗ് റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഇന്‍സുലിന്‍ കുപ്പികളും മറ്റു മരുന്നുകളുമെല്ലാം പൊട്ടി പോയി. ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ ചന്ദ്രമതി ആര്‍പിഎഫിനെ സമീപിച്ചുവെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് റെയില്‍വേ പൊലീസിന് പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ആര്‍പിഎഫ് ഹൈക്കോടതിയില്‍ പോയി കേസ് റദ്ദാക്കി.

എന്നാല്‍ ചന്ദ്രമതിക്കെതിരെയുള്ള കേസ് അവര്‍ നിലനിര്‍ത്തിയിരുന്നു. ആ കേസില്‍ വിചാരണ സമയത്ത് യഥാര്‍ത്ഥ വസ്തുതകള്‍ പ്രതി കോടതിയില്‍ വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരു സാക്ഷിയുടെ മാത്രമാണ് മൊഴി രേഖപ്പെടുത്തിയത് എന്നും മറ്റു സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതിരുന്നത് അന്വേഷണത്തിന്റെ വീഴ്ചയാണെന്നും പ്രതിഭാഗം ആരോപിച്ചു. ചന്ദ്രമതിയെ ഉപദ്രവിച്ചതിന്റെ പേരില്‍

ആര്‍പിഎഫിന് എതിരെ കേസെടുത്ത കാര്യം പ്രോസിക്യൂഷന്‍ മറച്ചുവെച്ചു എന്നും കേസ് ക്വാഷ് ചെയ്ത് പോയതിനാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ചന്ദ്രമതിക്ക് അവസരം നഷ്ടപ്പെട്ട കാര്യവും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page