റോഡില്‍ കുഴഞ്ഞുവീണ ആളെ സഹായിക്കാതെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടക്കം മോഷ്ടിച്ച് വഴിയാത്രക്കാരന്‍; ദൃശ്യങ്ങള്‍ സിസിടിവിയില്‍

ന്യൂഡല്‍ഹി: റോഡില്‍ കുഴഞ്ഞുവീണ ആളെ സഹായിക്കാതെ അയാളുടെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടക്കം മോഷ്ടിച്ച് കടന്നുകളയുന്ന വഴിയാത്രക്കാരന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. ഡല്‍ഹിയിലെ രണ്‍ഹോലയിലെ വികാസ് നഗറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡില്‍ ഒരാള്‍ കുഴഞ്ഞുവീണ് കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയം അതുവഴി സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ യുവാവിനെ റോഡില്‍ കിടക്കുന്നത് കണ്ട് മദ്യപിച്ച് വീണതാണെന്ന് കരുതി പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടക്കം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കുഴഞ്ഞുവീണ ആള്‍ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ റോഡില്‍ കിടന്ന് മരിക്കുകയും ചെയ്തു. മരണം ഹൃദയാഘാതമാണോ അപസ്മാരമാരമാണോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണ് പൊലീസ്. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

റോഡില്‍ മണിക്കൂറുകളോളം ബോധരഹിതനായി കിടന്ന ഇയാളെ അതുവഴി പോയവരെല്ലാം അവഗണിക്കുകയായിരുന്നു. ശരിയായ സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാല് മണിക്കൂറിന് ശേഷം മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ മോഷണത്തിന് കേസെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഇത് ആദ്യമായല്ല ഡല്‍ഹിയില്‍ ഇത്തരം സംഭവം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 11 നും സമാനമായ സംഭവം നടന്നിരുന്നു. ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ വികാസ് ആണ് ഇത്തരത്തില്‍ മരിച്ചത്.

ഘിതോര്‍ണിക്ക് സമീപം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ വീണ വികാസിനെ സഹായിക്കുന്നതിന് പകരം അവിടെ എത്തിയ മൂന്ന് പേര്‍ ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നീട് ഈ മൂന്നുപേര്‍ക്കും അപകടം സംഭവിച്ചു. തണുപ്പത്ത് റോഡില്‍ കിടന്ന വികാസ് ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page