ജുമൈലക്കും ഷേക്കുഞ്ഞിക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂര്‍ തൂമിനാട്ട് ഇന്നലെ വൈകിട്ട് ഇരട്ടക്കൊലപാതകം നടന്ന ഹില്‍ടോപ്പിലെ വീട്ടില്‍ ഇന്ന് അതേ സമയത്ത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ എത്തുന്നത് കാത്ത് നാട് ഒന്നാകെ അവിടെ തടിച്ചു കൂടി. സ്ത്രീകളും വൃദ്ധരും കുട്ടികളുമുള്‍പ്പെടെ അവിടെ തിങ്ങിയ ആബാലവൃദ്ധം ജനങ്ങള്‍ ദുഃഖം അടക്കാനാവാതെ വിതുമ്പി നിന്നു.
അക്രമത്തില്‍ അതീവ ഗുരുതരനിലയില്‍ പിതാവിന്റെ കുത്തേറ്റ മറിയം ജുമൈല(18) മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അഗാധമായ കുത്തേറ്റെങ്കിലും അതു വകവെക്കാതെ ജുമൈലയെ ആശുപത്രിയിലെത്തിച്ച മാതൃസഹോദരി ഭര്‍ത്താവ് ഷേക്കുഞ്ഞി (60) ആശുപത്രിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്നു പുലര്‍ച്ചെ അദ്ദേഹവും മരിച്ചു. ഒരു സമയത്ത് ഒരേ ആയുധം കൊണ്ട് ആഘാതമേറ്റ് ഒന്നിലധികം ആളുകള്‍ മരണപ്പെട്ടാല്‍ ഒരേ മോര്‍ച്ചറിയില്‍ ഒരേസമയം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന വ്യവസ്ഥയുള്ളതിനാല്‍ ഇരുവരുടെയും പോസ്റ്റുമോര്‍ട്ടങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഉച്ചക്ക് ശേഷം പൂര്‍ത്തിയായിരുന്നു. മരണത്തെത്തുടര്‍ന്ന് ജുമൈലയുടെ മൃതദേഹം ഇന്നലെ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ താമസിയാതെ ബങ്കര മഞ്ചേശ്വരം മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page