വൈകിയുദിച്ച വിവേകമോ, കെടാത്ത കുടിപ്പകയോ?എല്ലാം അവസരോചിതം!

‘എനിക്കാണ്; എനിക്കാണ് അതിനുള്ള അര്‍ഹത. അത് എനിക്ക് തന്നെ കിട്ടി. ഒന്നല്ല ഏഴെണ്ണം എനിക്ക്’.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു കൊണ്ടേയിരുന്നു. നൊബേല്‍ സമാധാന സമ്മാനം തനിക്ക് കിട്ടി എന്ന്. തല്‍സമയം സമാധാന സമ്മാനം നല്‍കുന്ന സ്വീഡിഷ് അക്കാദമി സമ്മാനം പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.
അതിനു മുമ്പേയാണ് ട്രംപിന്റെ അവകാശവാദം. തനിക്ക് കിട്ടും എന്ന് ആര്‍ക്കും സ്വപ്‌നം കാണാം. എന്നാല്‍ കിട്ടി എന്ന് പറഞ്ഞാലോ? 2025-ലെ പുരസ്‌ക്കാരം ലഭിച്ചത് മറിയാ കൊറീനാ മചാഡോവിനായിരുന്നു.(വേനെസ്വലയിലെ പ്രതിപക്ഷനേതാവ്).
സ്വീഡിഷ് അക്കാദമിയാണ് ലോക സമാധാന സമ്മാനം- ഇന്‍ര്‍ നാഷണല്‍ പ്രൈസ് ഫോര്‍ പീസ് നല്‍കുന്നത്. 1895ല്‍ രൂപീകൃതമായ സ്വീഡിഷ് അക്കാദമി 1901ല്‍ ആണ് ആദ്യത്തെ സമാധാന സമ്മാനം നല്‍കിയത്.
രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തന്റെ ഇടപെടലിനെത്തുടര്‍ന്ന് പരിഹരിക്കപ്പെട്ടു; അതിന്റെ പേരില്‍ തനിക്ക് സമാധാന സമ്മാനം ലഭിച്ചു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇന്ത്യാ-പാക്ക് സംഘര്‍ഷം താന്‍ അവസാനിപ്പിച്ചു എന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യന്‍ സൈനികരുടെ ചെറുത്തു നില്‍പിന് മുമ്പില്‍ പാക്കിസ്ഥാന്‍ പിന്‍വാങ്ങി മുട്ടുകുത്തി എന്നതാണ് യാഥാര്‍ത്ഥ്യം. ട്രംപ് പറഞ്ഞതിനെ പാക്കിസ്ഥാന്‍ പോലും പിന്‍താങ്ങിയിട്ടില്ല.
യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗ്ഗനൈസേഷന്റെ (ഐക്യരാഷ്ട്ര സംഘടന) കീഴിലുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോകാരോഗ്യ സംഘടന (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗ്ഗനൈസേഷന്‍) ഡബ്ല്യു എച്ച് ഒ. ഇക്കഴിഞ്ഞ വ്യാഴാഴ്ച (22-1-26) ഒരു വാര്‍ത്ത കാണാനിടയായി. അമേരിക്കന്‍ ഐക്യ നാടുകള്‍ (യു എസ് എ) ലോകാരോഗ്യ സംഘടനയില്‍ നിന്നു മാറുന്നു. ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇങ്ങനെ: യു എസ് ഇനിമുതല്‍ ഡബ്ല്യു എച്ച് ഒയില്‍ ഇല്ല. മാറുന്നു. ഈ തീരുമാനമെടുക്കാന്‍ ട്രംപ് പറഞ്ഞ കാരണമാണ് വിചിത്രം. കോവിഡ് എന്ന മഹാമാരിയെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തു. പരിഷ്‌ക്കരണത്തിന് തയ്യാറാകുന്നില്ല. ചില അംഗരാഷ്ട്രങ്ങളുടെ ദുസ്വാധീനത്തിന് -സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു. ‘ചില അംഗരാഷ്ട്രങ്ങളുടെ’ എന്ന് പറഞ്ഞത് വ്യക്തമാക്കിയിട്ടുണ്ട്. ഏതാണ് ആ രാഷ്ട്രം എന്ന്- ചൈന. കോവിഡ് കാലത്ത് ചൈനയ്ക്ക് അനുകൂലമായിട്ടാണത്രേ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിച്ചത്.
ചൈനയില്‍ നിന്നാണ് കോവിഡ് എന്ന മഹാവ്യാധിക്ക് കാരണമായ കൊറോണാ വൈറസ്സ് മറ്റ് രാജ്യങ്ങളിലേയ്ക്ക് സംക്രമിച്ചത് എന്ന് 2019ല്‍ത്തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതാണ.് ചൈനയില്‍ നിന്നും വന്നവരാണ് നമ്മുടെ നാട്ടില്‍ കൊറോണ വൈറസ് എത്തിച്ചത് എന്ന് അക്കാലത്ത് തന്നെ വാര്‍ത്തയുണ്ടായിരുന്നു. അമേരിക്കയായിരുന്നു ഈ ആരോപണ- പ്രചാരണത്തിന്റെ പിന്നില്‍ എന്ന് മനസ്സിലായി. അതിന്റെ നിജസ്ഥിതി എന്തോ ആകട്ടെ അമേരിക്ക തന്നെ എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അമേരിക്ക ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ പെട്ടെന്നൊരു വെളിപാടുണ്ടായത് പോലെ പ്രഖ്യാപനവുമായി ഇറങ്ങിയത്! ചൈനയിലായിരുന്നു കൊറോണാ വൈറസ്സിന്റെ പ്രഭവ കേന്ദ്രം. എന്നിട്ടും ലോകാരോഗ്യ സംഘടന അതില്‍ ഇടപെട്ടിട്ടില്ല. ചൈനയുടെ ‘അപരാധം’ അമേരിക്കയും മൂടിവെച്ചു. എന്നാല്‍, ഇപ്പോള്‍ അതെല്ലാം വെറും പഴങ്കഥ മാത്രം.
പുതിയ ഒന്ന്: അമേരിക്കയ്ക്ക് ഇനി പുതിയ സൈനിക തന്ത്രം. മുന്‍ഗണനാ ക്രമം മാറുന്നു. അമേരിക്കയുടെ സഖ്യ കക്ഷികള്‍ തങ്ങളുടെ സുരക്ഷ സ്വയം നോക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ദേശീയ സൈനിക തന്ത്രം. യു എസ് പ്രതിരോധ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. ചൈനയെ നേരിടുക എന്ന ദീര്‍ഘകാലമായുള്ള ലക്ഷ്യത്തെക്കാള്‍ അധികമായി യു എസ് ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ട്രംപ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.
2022ല്‍ ജോബൈഡന്‍ പ്രസിഡണ്ടായിരിക്കെയാണ് ഇതിന് മുമ്പ് ദേശീയ പ്രതിരോധ തന്ത്രം ആവിഷ്‌ക്കരിച്ചതും പ്രസിദ്ധീകരിച്ചതും. ചൈനയെ നേരിടുക എന്നതിനായിരുന്നു അതില്‍ ഊന്നല്‍ നല്‍കിയത്. എന്നാല്‍ അതല്ല തന്റെ നയം എന്ന് ട്രംപ്. ചൈനയെ തന്റെ കാല്‍ കീഴിലമര്‍ത്തുകയോ, നാണം കെടുത്തുകയോ അല്ല എന്ന്. മാത്രമല്ല, ചൈനയുമായി വിപുലമായ ആശയ വിനിമയത്തിനും തങ്ങള്‍ തയ്യാറാണ് എന്ന് ട്രംപ് പ്രഖ്യാപിക്കുന്നു.
ചൈനയോടുണ്ടായിരുന്ന നയം മാറ്റി എന്ന് പറയുന്ന ട്രംപ് പുതിയ ശത്രു ആരെന്ന് വെളിപ്പെടുത്തുന്നു- റഷ്യ. റഷ്യ എന്ന ഭീഷണിയെ നേരിടാന്‍ മറ്റ് രാജ്യങ്ങളെ ഇനിമേലില്‍ അമേരിക്ക സഹായിക്കുകയില്ല; സ്വന്തം സുരക്ഷ സ്വയം നോക്കിക്കൊള്ളുക. അക്കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം അവരവര്‍ക്ക് തന്നെയായിരിക്കും.
ഇതാണ് മുന്‍ഗണനാ ക്രമം മാറ്റിയ പുതിയ സൈനിക തന്ത്രം!
വൈകിയുദിച്ച വിവേകമോ? അതല്ല കെടാത്ത കുടിപ്പകയോ? എല്ലാം അവസരോചിതം!

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page