വിജയ് ചിത്രം ‘ജന നായകന്’ വീണ്ടും തിരിച്ചടി; റിലീസ് അനുമതി നിഷേധിച്ചു

ചെന്നൈ: ആരാധകരെ നിരാശരാക്കി വിജയ് ചിത്രം ‘ജന നായകന്’ വീണ്ടും തിരിച്ചടി. സെന്‍സര്‍ ബോര്‍ഡ് അപ്പീലില്‍ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്. സെന്‍സര്‍ ബോര്‍ഡിന് വിഷയം പരിഗണിക്കാനുള്ള സമയം നല്‍കിയില്ലെന്ന് കണ്ടെത്തിയാണ് തീരുമാനം. കേസ് വീണ്ടും സിംഗിള്‍ ബെഞ്ചിനു കൈമാറിയ കോടതി ആദ്യം മുതല്‍ വാദം കേള്‍ക്കാനും ഉത്തരവിട്ടു. ഇതോടെ ചിത്രത്തിന്റെ റിലീസ് നീളുമെന്ന് ഉറപ്പായി.

ജനുവരി ഒന്‍പത് പൊങ്കല്‍ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.

500 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം പൊങ്കല്‍ സമയത്ത് റിലീസ് ചെയ്തില്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകുമെന്ന് കാട്ടി സുപ്രീം കോടതിയെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സമീപിച്ചിരുന്നു. കേസ് തള്ളിയ സുപ്രീംകോടതി പ്രശ്‌നം ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്നാണ് വിഷയം വീണ്ടും മദ്രാസ് ഹൈക്കോടതിയിലേക്ക് എത്തിയത്. രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച വിജയ് യുടെ അവസാന ചിത്രമായിട്ടാണ് ജനനായകനെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page