വി.കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: അടിയന്തര പരോളില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ സി.പിഎം പ്രവര്‍ത്തകന്‍ വികെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതായി ആരോപണം. പിതാവിന്റെ കാല്‍മുട്ട് ശസ്ത്രക്രിയയുടെ ആവശ്യാര്‍ത്ഥം അടിയന്തര പരോള്‍ നേടിയാണ് നിഷാദ് ജയിലില്‍ നിന്നിറങ്ങിയത്. പുറത്തിറങ്ങിയശേഷം നിഷാദ് കഴിഞ്ഞദിവസം പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന സിപിഎം പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തുവെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് നിഷാദിന് പരോള്‍ ലഭിച്ചത്. പരോള്‍ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചാണ് നിഷാദ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത് എന്നാണ് ആരോപണം. പ്രകടനം പൂര്‍ത്തിയാക്കിയ ശേഷമാണ് നിഷാദ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തിയത്.

നവംബറിലാണ് നിഷാദിനെ കോടതി 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഡിസംബര്‍ 26 ന് പരോളിലിറങ്ങി. ശിക്ഷ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ പരോള്‍ ലഭിച്ചത് വിവാദമായിരുന്നു. സ്വാഭാവിക നടപടിയുടെ ഭാഗമാണ് പരോള്‍ എന്നായിരുന്നു ജയില്‍ വകുപ്പിന്റെ വിശദീകരണം. ജയിലില്‍ കഴിയുന്നതിനിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച നിഷാദ് പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page