ചരിത്ര നിമിഷത്തിന് സാക്ഷ്യം; റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയോടൊപ്പം ദേശീയ പതാക ഉയര്‍ത്തി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അക്ഷിത ധന്‍കര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ 77 ാമത് റിപ്പബ്ലിക് ദിന പരേഡ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പം ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അക്ഷിത ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്താന്‍ നിയോഗിക്കപ്പെട്ടു. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ആചാരപരമായ ബഹുമതികളില്‍ ഒന്നിന്റെ ഭാഗമാകാന്‍ ഒരു യുവതിക്ക് കഴിഞ്ഞു എന്നത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചരിത്ര സംഭവമായി.

ഇന്ത്യന്‍ സായുധ സേനയിലെ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിന്റെയും അര്‍പ്പണബോധത്തിന്റെയും സാക്ഷ്യമായി ഇത് മാറി. സൈനിക പാരമ്പര്യത്തിന് പേരുകേട്ട ഹരിയാനയിലെ കാസ്നി ഗ്രാമത്തില്‍ ജനിച്ച അക്ഷിത ധന്‍കറിന്റെ പിതാവും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഭാഗമായിരുന്നു. കുട്ടിക്കാലത്ത് റിപ്പബ്ലിക് ദിന പരേഡുകള്‍ കണ്ട് വളര്‍ന്ന അക്ഷിതയുടെ മനസില്‍ രാജ്യസേവനം എന്ന സ്വപ്നം അന്നേ ഉടലെടുത്തിരുന്നു. പിതാവ് പരേഡില്‍ പങ്കെടുക്കുന്നത് കണ്ടാണ് യൂണിഫോം ധരിക്കാനും രാജ്യത്തെ സേവിക്കാനുമുള്ള ആഗ്രഹം ഉണ്ടായതെന്ന് അക്ഷിത പറയുന്നു.

രാഷ്ട്രപതിക്കൊപ്പം പതാക ഉയര്‍ത്താന്‍ അവസരം ലഭിച്ചത് വലിയൊരു ബഹുമതിയായി കാണുന്ന അക്ഷിത സായുധ സേനയുടെ കരുത്തും ഐക്യവും വിളിച്ചോതുന്ന ഈ പരേഡ് കാണുന്ന യുവാക്കള്‍, രാജ്യത്തെ സേവിക്കാനായി ഇന്ത്യന്‍ വ്യോമസേനയിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കപ്പെടുമെന്ന് പ്രത്യാശിച്ചു. സ്ത്രീ ശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കിയ ഈ വര്‍ഷത്തെ പരേഡില്‍ പങ്കെടുക്കാന്‍ സാധിച്ചത് തന്റെ കരിയറിലെ ശ്രദ്ദേയമായ നിമിഷമാണെന്ന് അവര്‍ പറഞ്ഞു.

2023 ജൂണിലാണ് അക്ഷിത അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ഫ്‌ളയിങ് ഓഫീസറായി കമ്മീഷന്‍ ചെയ്യപ്പെട്ടത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ലോജിസ്റ്റിക്‌സ്, പേഴ്‌സണല്‍ മാനേജ്മെന്റ് തുടങ്ങിയ നിര്‍ണ്ണായകമായ ഭരണപരമായ ചുമതലകള്‍ വിജയകരമായി നിര്‍വ്വഹിച്ചു.

റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്മാര്‍ മാത്രമുള്ള സംഘത്തെ നയിച്ചുകൊണ്ട് അസിസ്റ്റന്റ് കമാന്‍ഡന്റായ സിമ്രാന്‍ ബാലയും ചരിത്രം സൃഷ്ടിച്ചു. ബാലയ്ക്കൊപ്പം 140 ലധികം പുരുഷ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മാര്‍ച്ച് ചെയ്തു. 26 കാരിയായ ബാല ജമ്മു കശ്മീര്‍ സ്വദേശിയാണ്.

സ്‌ക്വാഡ്രണ്‍ ലീഡറായ നികിത ചൗധരിയും ഫ്‌ളൈറ്റ് ലെഫ്റ്റനന്റുമാരായ പ്രഖര്‍ ചന്ദ്രകാര്‍, ദിനേശ് എന്നിവര്‍ക്കൊപ്പം മാര്‍ച്ചിംഗ് സംഘത്തെ നയിച്ച് ചരിത്രം കുറിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page