തോള്‍ വേദനയ്ക്ക് ആശ്വാസം തേടി മസാജ് ചെയ്യാനെത്തിയ യുവതിക്ക് മര്‍ദനം; മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്‌തെന്ന് പരാതി

മുംബൈ: തോള്‍ വേദനയ്ക്ക് ആശ്വാസം തേടി മസാജ് ചെയ്യാനെത്തിയ യുവതിയെ മര്‍ദിച്ചതായി പരാതി. അര്‍ബന്‍ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്ത 46 കാരിക്കാണ് മര്‍ദനമേറ്റത്. മസാജ് സെന്ററിലെ യുവതി മര്‍ദിച്ചു, മുടിക്ക് കുത്തിപ്പിടിച്ചു, മുഖത്ത് ഇടിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മസാജ് സെന്ററിലെ സ്ത്രീ കൊണ്ടുവന്ന വലിയ മസാജ് ബെഡിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ജീവനക്കാരിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനാല്‍ സേവനം വേണ്ടെന്ന് വയ്ക്കാനും ബുക്കിങ് റദ്ദാക്കി റീഫണ്ട് ആവശ്യപ്പെടാനും യുവതി തീരുമാനിച്ചു. ഇതില്‍ പ്രകോപിതയായ ജീവനക്കാരി, യുവതിയെ തെറി വിളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും തറയിലേക്ക് തള്ളിയിടുകയും ചെയ്തതായി പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. അക്രമം തടയാന്‍ ശ്രമിച്ച യുവതിയുടെ മകനെയും ജീവനക്കാരി തള്ളിമാറ്റി. യുവതി പൊലീസിനെ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ ജീവനക്കാരി സ്ഥലം വിട്ടിരുന്നു.

അര്‍ബന്‍ കമ്പനി ആപ്പില്‍ നല്‍കിയിരുന്ന മസാജ് ചെയ്യുന്ന സ്ത്രീയുടെ പേരും തിരിച്ചറിയല്‍ രേഖകളും തമ്മില്‍ സാങ്കേതിക പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ജീവനക്കാരിയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page