മധ്യപ്രദേശ് ദാറിലെ ആരാധനാലയത്തില്‍ ഇന്നു ഒരേ സമയം വസന്തപഞ്ചമി പൂജയും ജുമുഅ നിസ്‌കാരവും

ഭോപ്പാല്‍: പള്ളിയും ക്ഷേത്രവുമായി 11-ാം നൂറ്റാണ്ടു മുതല്‍ പ്രവര്‍ക്കുന്നെന്നു വിശ്വസിക്കുന്ന ആരാധനാലയത്തില്‍ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ നിസ്‌കാരവും പഞ്ചമി പൂജയും നടക്കും.
പഞ്ചമി പൂജ രാവിലെ മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും ആരാധനാലയത്തിന്റെ മറുഭാഗത്ത് ജുമുഅ നിസ്‌കാരം ഉച്ചക്ക് ഒരു മണിക്കും മൂന്നു മണിക്കും ഇടയില്‍ നടത്താനും സുപ്രിം കോടതി അനുവദിച്ചു. ഇരു ആരാധനാ സ്ഥലങ്ങള്‍ക്കുമിടയില്‍ മറ സ്ഥാപിക്കാനും ഇരു ആരാധനയും സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനും അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഈ ആരാധനാലയം.
മുസ്ലിങ്ങള്‍ കമല്‍ മൗലാ പള്ളിയെന്നും ഹിന്ദുക്കള്‍ സരസ്വതി ദേവിക്കു സമര്‍പ്പിച്ചിരിക്കുന്ന ഭേജ്ശാല ക്ഷേത്രമെന്നുമാണ് മധ്യപ്രദേശിലെ ദാറിലുള്ള ഈ ആരാധനാലയത്തെ വിളിക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആരാധനാലയത്തിന്റെ അവകാശം സംബന്ധിച്ചു തര്‍ക്കം ഉണ്ടായതോടെ 2003ലുണ്ടാക്കിയ കരാര്‍ പ്രകാരം വെള്ളിയാഴ്ചകളില്‍ മുസ്ലിങ്ങള്‍ക്കു ജുമുഅ നിസ്‌കരിക്കാനും ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താനും ആര്‍ക്കിയോളജി വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഥല പരിശോധന നടത്താന്‍ ആര്‍ക്കിയോളജി സര്‍വ്വെയോടു ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ പള്ളിക്കമ്മിറ്റി സുപ്രിം കോടതിയെ സമീപിച്ചു. ഇതിനിടെയാണ് ഈ വര്‍ഷത്തെ ബസന്ത് പഞ്ചമി വെള്ളിയാഴ്ച ദിവസമായത്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ പൂജകളും മറ്റു ചടങ്ങുകളുമുണ്ടാവുമെന്നു ക്ഷേത്ര വിഭാഗം വാദിച്ചു. വെള്ളിയാഴ്ചയായതു കൊണ്ടു ജുമുആയും നടത്തേണ്ടതുണ്ടെന്നു പള്ളിക്കമ്മിറ്റിയും കോടതിയെ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് ഇരു വിഭാഗങ്ങളും ചടങ്ങുകള്‍ നടത്തുന്നതിനു സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജഡ്ജിമാരായ ജോയ്മല്യ, ബാഗ്ചിസ, ബിജുല്‍ പഞ്ചൗലി എന്നിവരടങ്ങിയ ബഞ്ച് അനുമതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page