ധന്‍രാജ് രക്തസാക്ഷി ഫണ്ട് ടി.ഐ മധുസൂദനന്‍ എംഎല്‍എ തട്ടിയെടുത്ത് കീശയിലിട്ടു; ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍

തിരുവനന്തപുരം: ധന്‍രാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ തട്ടിയെടുത്തുകീശയിലിട്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു.
ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജില്ലാ നേതാവിന്റെ വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിനായി ഒരു കോടി രൂപ പിരിച്ചെന്നും അതില്‍ 46 ലക്ഷം രൂപ കീശയിലിട്ടെന്നും വി കുഞ്ഞികൃഷ്ണന്റെ ആരോപിച്ചു.

ധന്‍രാജിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. വീട് നിര്‍മിച്ചു നല്‍കാനും കേസ് നടത്താനുമായിരുന്നു ഫണ്ട് പിരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2017 ഡിസംബര്‍ 8,9 തിയതികളില്‍ നടന്ന ഏരിയാസമ്മേളനത്തില്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. പിന്നീട് ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് താന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ല്‍ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകള്‍ അവതരിപ്പിച്ചതെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. അതില്‍ വിചിത്രമായ കണക്കുകള്‍ കണ്ടതോടെയാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നത്. 2017ലെ വരവില്‍ 10ലക്ഷത്തിലേറെ തുക ചിലവായെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് അന്ന് പിരിച്ചിരുന്നത്. വീട് നിര്‍മാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്ന് വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മിറ്റി കണക്ക് അംഗീകരിച്ചില്ല. മുപ്പത്തിനാലേകാല്‍ ലക്ഷം രൂപ വീട് നിര്‍മാണത്തിന് ചിലവായെന്നായിരുന്നു കണക്ക്. വീട് നിര്‍മിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരുടെ സന്നദ്ധസഹായങ്ങളും ഉണ്ടായിരുന്നു. അങ്ങനെ സഹായങ്ങള്‍ നല്‍കിയാല്‍ വീടുപണിക്ക് പണം കൂടുതല്‍ വരില്ലെന്നായിരുന്നു ഉദ്ദേശം. 34ലക്ഷം രൂപയുടെ ചെക്കാണ് നല്‍കിയിരുന്നത്. ഈ ചെക്ക് പരിശോധിച്ചപ്പോള്‍ ഇരുപത്തിയൊന്‍പതേ കാല്‍ ലക്ഷം രൂപ കോണ്‍ട്രാക്ടറുടെ അക്കൗണ്ടിലേക്കും അഞ്ചുലക്ഷം അന്നത്തെ ഏരിയാ സെക്രട്ടറി കെപി മധുവിന്റെ അക്കൗണ്ടിലേക്കും പോയതായി കണ്ടെത്തി.

ഒരിനവും സൂചിപ്പിക്കാതെ രണ്ടു ലക്ഷം രൂപയുടെ കണക്കും കാണിച്ചിരുന്നു. ചെക്ക് പരിശോധിച്ചപ്പോള്‍ ഈ രണ്ടുലക്ഷം ഏരിയാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തി. പാര്‍ട്ടി ഏരിയാ കമ്മിറ്റിയുടെ കെട്ടിട നിര്‍മാണത്തിന് 40 ലക്ഷം രൂപ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ കെട്ടിടപണിക്ക് ഈ ഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ലായിരുന്നു. അതിനുള്ള ഫണ്ട് അവിടെയുണ്ടായിരുന്നു. ധന്‍രാജിന്റെ കടബാധ്യത നിലനില്‍ക്കുമ്പോഴാണ് 40 ലക്ഷം രൂപ കാണാതായതെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ധന്‍രാജിന്റെ കടബാധ്യത പാര്‍ട്ടി അടച്ചുതീര്‍ത്തുവെന്നും വി കുഞ്ഞികൃഷ്ണന്‍ പറയുന്നു.

ഇതിന്റെ തെളിവ് അടക്കം പാര്‍ട്ടിക്ക് മുന്നില്‍ വെച്ചു. എന്നാല്‍ നടപടിയെടുക്കാതെ തട്ടിപ്പ് മൂടിവെക്കുകയാണ് ചെയ്തതെന്ന് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. ഇ പി ജയരാജന്റെ അനധികൃത ഇടപാടുകളെ കുറിച്ച് ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചെങ്കിലും പാര്‍ട്ടി പരിശോധിച്ചില്ല. തന്നെ ശാസിച്ച് നിശബ്ദനാക്കാന്‍ നോക്കുകയായിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ പൊരുതി തോറ്റിട്ടാണ് അണികളോടുള്ള തന്റെ തുറന്നുപറച്ചില്‍ എന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയെ അണികള്‍ തിരുത്തട്ടേ എന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അറിയാം. എംവി ഗോവിന്ദനും കൊടിയേരി ബാലകൃഷ്ണനും തെളിവടക്കം കൈമാറിയെങ്കിലും കാര്യമുണ്ടായില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ തുടര്‍ന്നു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page