ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂര്‍: ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ മാതാവായ ശരണ്യയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

കഴിഞ്ഞദിവസം ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ശരണ്യയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശരണ്യ, ഒന്നരവയസ്സുകാരനായ മകന്‍ വിയാനെ തയ്യില്‍ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിന് പിന്നാലെ നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍നിന്ന് 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണു കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page