നേരിട്ടത് ക്രൂര ബലാത്സംഗം; ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ ചിത്രീകരിച്ചു; വീഡിയോ ഇപ്പോഴും എംഎല്‍എയുടെ ഫോണില്‍; രാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യം നല്‍കരുതെന്ന് പരാതിക്കാരി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി, നേരിട്ടത് ക്രൂര ബലാത്സംഗം, ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണില്‍ ഉണ്ട്, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും പരാതിക്കാരി വ്യക്തമാക്കുന്നു. പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചത്. പാലക്കാട്ടെ ഫ് ളാറ്റില്‍ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. ബലാത്സംഗത്തിനിടെ ദേഹത്തുണ്ടായ മുറിവുകളുടെ ഫോട്ടോയും സത്യവാങ്മൂലത്തിനൊപ്പം പരാതിക്കാരി കോടതിയില്‍ സമര്‍പിച്ചു. തന്റെ നഗ്‌ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുടര്‍ന്നും പീഡിപ്പിച്ചതെന്ന് പരാതിക്കാരി സത്യവാങ്മൂലത്തില്‍ പറയുന്നു.

രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഗര്‍ഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകള്‍ കഴിച്ചത് വീഡിയോ കോളില്‍ കണ്ട് രാഹുല്‍ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭീഷണി വെളിവാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പമുണ്ട്. ജാമ്യാപേക്ഷയില്‍ രാഹുല്‍ പറഞ്ഞത് വക്രീകരിച്ച വസ്തുതകളും അര്‍ദ്ധ സത്യങ്ങളുമാണ്, വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നു, പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങളുള്ള സ്ത്രീകളെ വശീകരിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്.
തന്റെ വാട്‌സാപ് ചാറ്റുകള്‍ രാഹുല്‍ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു. പൊലീസിനെതിരെയും രാഹുല്‍ ഭീഷണി മുഴക്കുന്നുണ്ട്. രാഹുല്‍ നിരന്തര കുറ്റവാളിയാണ്. ഇതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

രാഹുല്‍ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതില്‍ ഒന്ന് പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയാണ്. അധികാരവും സ്വാധീനവുമുള്ള എംഎല്‍എക്ക് ജാമ്യം നല്‍കുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശ്ശബ്ദരാക്കും എന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page