കൈകൊണ്ട് കഴിക്കുമ്പോള്‍ ബിരിയാണിക്ക് കൂടുതല്‍ രുചി; ഇന്ത്യക്കാരെ പോലെ ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവച്ച് ജപ്പാന്‍ സ്ഥാനപതി

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ പോലെ കൈകൊണ്ട് ബിരിയാണി കഴിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് ജാപ്പനീസ് അംബാസഡറായ ഓനോ കെയ്ചി. വീഡിയോയില്‍ ബിരിയാണി കൈകൊണ്ട് കഴിച്ചശേഷം അതിന്റെ രുചി സുഷിയുമായി താരതമ്യം ചെയ്യുകയും കൈകൊണ്ട് കഴിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ രീതിയെ ഓനോ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യന്‍ വിഭവങ്ങള്‍ പരീക്ഷിക്കുന്നത് ജപ്പാന്‍ സ്ഥാനപതിയുടെ ഒരു വിനോദമാണ്. ഡല്‍ഹിയില്‍ നിന്ന് ബിരിയാണി കഴിച്ചതിന്റെ അനുഭവമാണ് അദ്ദേഹം ഇപ്പോള്‍ പങ്കുവച്ചത്.

‘ഇന്ത്യന്‍ സുഹൃത്തുക്കളെപ്പോലെ കൈകൊണ്ട് ബിരിയാണി കഴിക്കാന്‍ ശ്രമിച്ചു. സുഷി പോലെ, കൈകൊണ്ട് കഴിക്കുമ്പോള്‍ അതിന് കൂടുതല്‍ രുചിയാണ്’ – എന്നാണ് ഓനോ എക്സില്‍ കുറിച്ചത്. ഞാനെന്റെ സുഹൃത്തുക്കളോട് കൂടുതല്‍ അടുത്തെന്ന് തോന്നുന്നു എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ഡല്‍ഹിയിലെ ആന്ധ്രാ ഭവനില്‍ നിന്ന് ബിരിയാണി കഴിക്കുന്ന വീഡിയോയും ചിത്രവുമാണ് അദ്ദേഹം പങ്കുവച്ചത്. മുമ്പ് തെലങ്കാന സന്ദര്‍ശനത്തിനിടെ ഹൈദരാബാദി ബിരിയാണി കഴിച്ചതിന്റെ ചിത്രവും വീഡിയോയും ഓനോ പോസ്റ്റ് ചെയ്തിരുന്നു.

തെലങ്കാന സന്ദര്‍ശന വേളയില്‍ ഹൈദരാബാദി ബിരിയാണി കഴിച്ചു. അതിന്റെ സമൃദ്ധമായ മസാലകളും രുചികളും എന്നെ അത്ഭുതപ്പെടുത്തി. ശരിക്കും അടിമപ്പെട്ടു പോകുന്ന തരം രുചിയാണത്! എന്നായിരുന്നു അന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.

ഓനോ കെയ്ചിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. കൈകൊണ്ട് കഴിക്കാന്‍ വളരെ ഇഷ്ടപ്പെടുന്നു. അത് ഒരു പ്രത്യേക സംതൃപ്തിയാണ്, ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്, എന്നാണ് ഒരാള്‍ കുറിച്ചത്.

നിങ്ങള്‍ വളരെ മനോഹരമായി മറ്റൊരു സംസ്‌കാരത്തെ സ്വീകരിക്കുന്നത് കാണാന്‍ സന്തോഷം. ഇതുകൊണ്ടാണ് ഇന്ത്യക്കാര്‍ ജപ്പാന്‍കാരെയും നിങ്ങളുടെ സംസ്‌കാരത്തെയും ഇത്രയധികം ഇഷ്ടപ്പെടുന്നത്. നിങ്ങളുടെ സ്പിരിറ്റിന് അഭിനന്ദനങ്ങള്‍! എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page