പണം നല്‍കിയിട്ടും ഫ്‌ളാറ്റ് കൈമാറിയില്ലെന്ന പരാതിയില്‍ മുന്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ കേസ്

തിരുവനന്തപുരം: പണം നല്‍കിയിട്ടും ഫ്‌ളാറ്റ് കൈമാറിയില്ലെന്ന പരാതിയില്‍ മുന്‍ മന്ത്രിയും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. കുമാരപുരം സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് കേസ്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ കഴക്കൂട്ടം ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. ആന്‍ഡ കണ്‍സ്ട്രക്ഷന്‍ എന്ന നിര്‍മാണ കമ്പനിക്കാണ് 15 ലക്ഷം നല്‍കിയത്. ഈ കമ്പനിയും ഷിബു ബേബി ജോണിന്റെ കുടുംബവും തമ്മിലായിരുന്നു ധാരണ.

ഈ ധാരണ പ്രകാരം 2020ല്‍ പണം നല്‍കിയിട്ടും ഫ്‌ളാറ്റ് കൈമാറിയില്ലെന്നാണ് പരാതി. ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.

അതേസമയം താന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും കേസ് നിയമവിരുദ്ധമാണെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയത്. പരാതി നല്‍കിയ വ്യക്തിയെ അറിയില്ല. ഫ്‌ളാറ്റ് നിര്‍മിക്കുന്ന കമ്പനിയുമായാണ് അഡ്വാന്‍സ് വാങ്ങിയവര്‍ക്ക് ഇടപാടെന്നും ഭൂമി നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

പരാതിയുണ്ടെങ്കില്‍ ഡെവലപ്പറെ സമീപിക്കണമെന്നാണ് കരാറിലുള്ളത്. നാലുവര്‍ഷത്തിനുള്ളില്‍ ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുമെന്ന് പറഞ്ഞാണ് കരാര്‍ വെച്ചത്. എന്നാല്‍, ഏഴുവര്‍ഷമായി പദ്ധതി നിലച്ച മട്ടാണ്. പരാതിക്കാരനായ അലക്‌സിനെതിരെ മാനനഷ്ടകേസ് നല്‍കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page