രാഹുല്‍ മാങ്കൂട്ടത്തിനെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി; റൂം ബുക്ക് ചെയ്തത് അതിജീവിതയുടെ പേരില്‍; ഒരുമണിക്കൂറോളം മുറിയില്‍ ചെലവഴിച്ചതായി എംഎല്‍എ

പത്തനംതിട്ട: ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ അതിരാവിലെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്നും രാഹുലിനെ ഹോട്ടല്‍ മുറിയിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. 15 മിനുട്ട് സംഘം ഹോട്ടലില്‍ ചെലവഴിച്ചു. കഴിഞ്ഞദിവസം കോടതിയില്‍ നിന്ന് പുറത്തുകടന്ന രാഹുലിന് നേരെ കനത്ത പ്രതിഷേധവും ചീമുട്ടയേറും നടന്നിരുന്നു.

പീഡനം നടന്നതായി പരാതിയില്‍ പറയുന്ന ക്ലബ് സെവന്‍ ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലെത്തിച്ച് പൊലീസ് മഹസ്സര്‍ തയ്യാറാക്കി. ഹോട്ടലിലെ നാലാം നിലയിലെ മുറി രാഹുല്‍ തിരിച്ചറിഞ്ഞെന്നും, മുറിയിലെത്തിയത് സമ്മതിച്ചെന്നും പൊലീസുകാര്‍ സൂചിപ്പിച്ചു. ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ച് റൂം ബൂക്ക് ചെയ്ത വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.

രജിസ്റ്ററില്‍ സംഭവദിവസം 408ാം നമ്പര്‍ മുറി അതിജീവിതയുടെ പേരിലാണുള്ളത്. ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ യഥാര്‍ഥ പേര്. എന്നാല്‍ സംഭവദിവസം ഇവര്‍ ഹോട്ടലില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചില്ല. 21 മാസം പിന്നിട്ടതിനാല്‍ ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടില്ലായിരുന്നു. ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു.

2024 ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും രാഹുല്‍ സമ്മതിച്ചു. എന്നാല്‍ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനമായിരുന്നു മറുപടി.

പൊലീസ് ബസില്‍ കനത്ത സുരക്ഷയോടെയാണ് രാഹുലിനെ ഹോട്ടലിലെത്തിച്ചത്. തെളിവെടുപ്പിനെത്തിച്ചപ്പോഴും തിരികെ മടങ്ങുമ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രാഹുല്‍ പ്രതികരിച്ചില്ല. ചിരിയോടെ അകത്തേക്ക് പോയ രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ ഒന്നും മിണ്ടാതെ വാഹനത്തിലേക്ക് കയറുകയായിരുന്നു.

തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് രാഹുല്‍ പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചു. രാഹുലിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടി രണ്ടാം ദിനമായ ഇന്നും വിശദമായി എസ്.ഐ.ടി ചോദ്യം ചെയ്യും. പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന തീരുമാനം പിന്നീട് തീരുമാനിക്കും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടത്. മറ്റന്നാള്‍ കോടതി രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

അതേസമയം പൊലീസ് പാലക്കാട്ടെ കെപിഎം ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രാഹുലിന്റെ മൊബൈല്‍ ഫോണില്‍ നിര്‍ണായക ചാറ്റുകള്‍ ഉണ്ടെന്നാണ് നിഗമനം. ഈ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ എടുക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പിന്നീട് പൊലീസ് റൂമില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page