കരൂര്‍ റാലി ദുരന്തം; നടന്‍ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു

ചെന്നൈ: കരൂര്‍ റാലി ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ഇതിന്റെ ഭാഗമായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടര്‍ന്ന് പരിശോധനകള്‍ക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.

ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്. നേരത്തെ പാര്‍ട്ടി ഭാരവാഹികളില്‍ നിന്നും സിബിഐ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിജയ് യെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുത്തത് എന്നാണ് വിവരം.

കഴിഞ്ഞ സെപ്റ്റംബര്‍ 27 ന് ആണ് കരൂരില്‍ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചത്. വിജയ്യുടെ ആദ്യത്തെ രാഷ്ട്രീയ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെയാണ് അപകടം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മരിച്ചിരുന്നു.

സംഭവത്തില്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്‌തോഗിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12 ന് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാന്‍ വിജയ്യ്ക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. അതിനിടെയാണ് ഇപ്പോള്‍ വാഹനം പിടിച്ചെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page